നത്തംകുനി ഈട്ടിമുറി: പിഴ ഈടാക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം
കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ 591/1 സര്‍വേ നമ്പറിലല്‍പ്പെട്ട 0.1821 ഹെക്ടര്‍ റവന്യു പട്ടയഭൂമിയില്‍നിന്നു അനധിതൃതമായി ഈട്ടി മുറിച്ചതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി(കെഎല്‍സി) നിയമപ്രകാരം ചുമത്തിയ 37,27,416 രൂപ പിഴ ഭൂവുടമയില്‍നിന്നു ഒരാഴ്ചയ്ക്കകം ഈടാക്കാന്‍ വൈത്തിരി തഹസദില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍ദേശം നല്‍കി.
മേപ്പാടി കോട്ടപ്പടിയിലെ പോത്തംമ്പാടം മുരളീധരന്‍ കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന അയച്ച വക്കീല്‍ നോട്ടീസിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം കളക്ടറുടെ നടപടി. പിഴ 15 ദിവസത്തിനകം ഈടാക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് മുരളീധരന്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കേണ്ട സാഹ്യചര്യമുണ്ടായാല്‍ ചെലവുകള്‍ക്ക് കളക്ടര്‍ വ്യക്തിപമായി ഉത്തരവാദിയായിരിക്കുമെന്നു വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു.
ഭൂവുടമ കോഴിക്കോട് കൊയിലാണ്ടി കാരക്കാട് അരീക്കര സുഹറയ്ക്കു ചുമത്തിയ പിഴ വസൂല്‍ ചെയ്ത് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിലാണ് റവന്യു അധികൃതര്‍ വീഴ്ച വരുത്തിയത്. സുഹറയുടെ കൈവശമുള്ള ഭൂമിയില്‍നിന്നു 2020 ഡിസംബറിലാണ് 500ല്‍ അധികം വര്‍ഷം പഴക്കമുള്ള ഈട്ടി നിയമവിരുദ്ധമായി മുറിച്ചത്.
റവന്യു പട്ടയഭൂമികളില്‍ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യു പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ പട്ടികവര്‍ഗക്കാരും ചെറുകിട കര്‍ഷകരും അടക്കം 65 പേരുടെ പട്ടയ ഭൂമികളിലാണ് ഈട്ടിമുറി നടന്നത്. ആകെ 104 കുറ്റി ഈട്ടിയാണ് മുറിച്ചത്. ഈ മരങ്ങളില്‍ കുറെ എണ്ണത്തിനു 300 മുതല്‍ 500ല്‍ അധികം വരെ വര്‍ഷം പഴക്കമാണ് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്.
