മുതിർന്നവരിൽ മരുന്ന് മുതൽ സ്ക്രീൻ വരെ ദുശീലങ്ങൾ; ജാഗ്രതയും കുടുംബ പിന്തുണയും അനിവാര്യം
മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ മരുന്നുകൾക്കും ലഹരി പദാർഥങ്ങൾക്കും ചില ശീലങ്ങൾക്കും അടിമപ്പെടാനുള്ള സാധ്യത വർധിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഇത്തരത്തിലുള്ള അടിമത്തങ്ങളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് മോചനത്തിന് കുടുംബാംഗങ്ങളുടെ പിന്തുണയും വ്യക്തിഗത ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വേദന, ഉറക്കക്കുറവ്, മലബന്ധം, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾക്കായി ഡോക്ടറെ സമീപിക്കുന്ന മുതിർന്നവർക്കു പലപ്പോഴും താൽക്കാലിക ആശ്വാസത്തിനുള്ള മരുന്നുകൾ നൽകാറുണ്ട്.എന്നാൽ പഴയ കുറിപ്പടി ഉപയോഗിച്ചോ മരുന്നിന്റെ പേര് പറഞ്ഞോ ഡോക്ടറുടെ നിർദേശമില്ലാതെ വീണ്ടും ഇവ വാങ്ങി കഴിക്കുന്ന ശീലം ചിലരിൽ കാണപ്പെടുന്നു. ഉറക്കത്തിനും വേദനയ്ക്കും മലബന്ധത്തിനും ഉപയോഗിക്കുന്ന ഗുളികകളുടെ അളവ് ക്രമേണ കൂട്ടുന്നതും ചിലപ്പോൾ അടിമത്തത്തിലേക്കു നയിക്കുന്നതുമാണെന്ന് വിദഗ്ധർ പറയുന്നു.ഈ പ്രായത്തിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ; സ്വയം ചികിത്സ ഒഴിവാക്കണമെന്നും വീട്ടുകാർ ശ്രദ്ധിക്കണമെന്നും അവർ നിർദേശിക്കുന്നു. അലസ സമയങ്ങളിൽ ആശ്രയത്തിനായി മദ്യം ഉപയോഗിച്ച് തുടങ്ങുകയും പിന്നീട് അളവ് കൂട്ടി അടിമത്തത്തിലേക്ക് വീഴുകയും ചെയ്യുന്നവരുമുണ്ട്.
വിഷമങ്ങൾ മറക്കാനുള്ള മാർഗമായി മദ്യത്തെ ആശ്രയിക്കുന്നതും അപകട സൂചനയാണ്. പരിമിതമായി മദ്യപിച്ചിരുന്നവർ അളവ് കൂട്ടുന്നുവെങ്കിൽ ഉടൻ നിയന്ത്രണം വേണമെന്നും, കൂട്ടായ്മകളിൽ മദ്യശീലം വർധിക്കുന്നുവെങ്കിൽ അത്തരം കൂട്ടുകെട്ടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്.മുറുക്കലും പുകവലിയും ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നതിനാൽ ഇവയും ഒഴിവാക്കണം. അതേസമയം, ഒഴിവുസമയങ്ങളിൽ മൊബൈൽ ഫോണിൽ റീലുകളും വിഡിയോകളും നിരന്തരമായി കാണുന്നത് സ്ക്രീൻ അടിമത്തത്തിലേക്ക് നയിക്കാമെന്ന് സാമൂഹ്യ വിദഗ്ധർ പറയുന്നു.
ഇതുവഴി സാമൂഹിക ഇടപെടലുകളും മറ്റ് ക്രിയാത്മക പ്രവർത്തനങ്ങളും കുറഞ്ഞുപോകുന്നത് തിരിച്ചറിയണം. ടെലിവിഷൻ കാഴ്ചയുൾപ്പെടെ എല്ലാ വിനോദങ്ങളും പാകത്തിന് മാത്രമേ വേണ്ടൂ; നിഷ്ക്രിയതയിലേക്കു നീങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ലോട്ടറി വാങ്ങലിനായി അമിതമായി പണം ചെലവഴിക്കുകയോ ഓൺലൈൻ ഭാഗ്യാന്വേഷണങ്ങളിൽ കുടുങ്ങുകയോ ചെയ്യുന്ന പ്രവണതകളും ചില മുതിർന്നവരിൽ കണ്ടുവരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക കുരുക്കുകൾ ഒഴിവാക്കാൻ ജാഗ്രതയും നിയന്ത്രണവും അനിവാര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മുതിർന്നവരെ ഇത്തരം അടിമത്തങ്ങളിൽ നിന്ന് അകറ്റാൻ ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് മനസ്സിനെ തിരിച്ചു വിടുകയും കുടുംബാംഗങ്ങൾ സജീവ പിന്തുണ നൽകുകയും ചെയ്യുന്നതാണ് മികച്ച പരിഹാരമെന്ന പൊതുവായ വിലയിരുത്തൽ.
