കർഷക സമൂഹം സർക്കാറിനെതിരെ വിധി എഴുതും: സ്വതന്ത്ര കർഷക സംഘം
‘
കൽപ്പറ്റ: കഴിഞ്ഞ ഒൻപതര വർഷം കാർഷിക മേഖല അവഗണിക്കുകയും കർഷകരെ നിരാശപ്പെടുത്തുകയും ചെയ്ത ഇടത് സർക്കാരിനെതിരെ വിധിയെഴുതാൻ കർഷക സമൂഹം തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരണകാലത്ത് കർഷകർക്ക് ലഭിച്ചിരുന്ന പലിശ സബ്സിഡി ഉൾപ്പെടെയുള്ള പല ആനുകൂല്യങ്ങളും ഈ ഭരണത്തിൽ കർഷകർക്ക് നഷ്ടമായിട്ടുണ്ട്. വന്യജീവികളിൽ നിന്ന് കൃഷിയേയും കൃഷിഭൂമിയേയും കർഷകതപ്പെട്ട ജനവിഭാഗത്തെയും സംരക്ഷിക്കാൻ സർക്കാറിന് കഴിയുന്നില്ല. വന്യജീവിഅക്രമണത്തിൽ കൃഷിനാശം മാത്രമല്ല മരണങ്ങൾ സംഭവിച്ചിട്ടും കർഷകരെ വെല്ലുവിളിക്കുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചത്.
കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം തീരെ കാര്യക്ഷമമല്ല. വർഷങ്ങൾക്ക് മുൻപ് നൽകിയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുകയാണ്. കമ്മീഷൻ പ്രഖ്യാപിച്ച അവാർഡ് തുക ബേങ്കുകൾക്ക് സർക്കാർ നൽകാത്തതിനാൽ കർഷകരുടെ പ്രമാണങ്ങൾ തിരിച്ചു ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഫലഭൂവിഷ്ടമായ ഭൂമിയും ജനസമൃദ്ധിയും കൊണ്ട് അനുഗ്രഹീതമായ വയനാട്ടിൽ കൃഷി പോൽസാഹിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകാൻ സർക്കാറിന് കഴിയാതെ പോയി. ഭക്ഷ്യധാന്യങ്ങൾക്കും പച്ചക്കറികൾക്കും ഇന്നും ആശ്രയിക്കേണ്ടത് അന്യ സംസ്ഥാനങ്ങളെയാണ്. നെല്ല് സംഭരണത്തിലെ പരാജയം കർഷകരെ കടുത്ത ദുരിതത്തിലാക്കി. ജപ്തി നടപടികൾ കൊണ്ട് കർഷകരെ പൊറുതി മുട്ടിക്കുന്ന നിലപാടാണ് സർക്കാറും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിച്ചത്. മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർ 2019 മുതലുള്ള നഷ്ടപരിഹാരത്തിനായി കാത്തു കഴിയുകയാണ്. വിള ഇൻഷ്വറൻസ് പ്രീമിയം അടച്ച കർഷകർക്കു ഇൻഷ്വർ തുക വിതരണം ചെയ്തിട്ടില്ല. പെൻഷൻ മാനദണ്ഡങ്ങൾ കഠിനമാക്കി പെൻഷൻ പരിധിയിൽ നിന്ന് വലിയൊരു വിഭാഗം കർഷകരുടെ കിട്ടികൊണ്ടിരുന്ന ആനുകൂല്യം നഷ്ടപ്പെടുത്തിയ സർക്കാറാണിത്. സഹകരണ മേഖലയിൽ കാർഷിക വായ്പ കൾക്ക് അനുവദിച്ച പലിശ സബ്സിഡി പുന:സ്ഥാപിക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ നിരാകരിച്ചിരിക്കുകയാണ്. കൃഷിഭവനുകളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. കർഷകരും കാർഷിക മേഖലയും കടുത്ത പ്രതിസന്ധി നേരിടുമ്പോൾ അവർക്ക് ആശ്വാസം നൽകുന്ന കാര്യത്തിൽ കൃഷി വകുപ്പും സർക്കാറും കനത്ത പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
