ഡോക്ടറായി നിയമനം ലഭിച്ച ഭാര്യയ്ക്ക് ചുമതല കൈമാറി ഭര്‍ത്താവ്
ഇരിയണ്ണി ആയുർവേദ ഡിസ്പെൻസറിയിൽ പിഎസ്‌സി വഴി ഡോക്ടറായി നിയമനംലഭിച്ച ജസ്‌നി വി. ജോസ് ഡിസ്പെൻസറിയുടെ ചുമതലയുണ്ടായിരുന്ന ഭർത്താവ് ഡോ. എൽദോ പോളിൽനിന്ന് ചുമതല ഏറ്റെടുക്കുന്നു
ബോവിക്കാനം(കാസര്‍കോട്): അപൂര്‍വമായൊരു ചുമതല കൈമാറ്റത്തിനാണ് ഇരിയണ്ണി ടൗണിലുള്ള ആയുര്‍വേദ ഡിസ്‌പെന്‍സറി ബുധനാഴ്ച രാവിലെ സാക്ഷ്യംവഹിച്ചത്. പിഎസ്സി വഴി ഇരിയണ്ണി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഡോക്ടറായെത്തിയ ജസ്നി വി. ജോസിന് ചുമതല കൈമാറിയത് നിലവില്‍ ചുമതലയുണ്ടായിരുന്ന ഭര്‍ത്താവ് എല്‍ദോസ് പോളാണ്.
ചുമതലയേല്‍ക്കല്‍ രേഖകള്‍ കൈമാറുന്നതിനോടൊപ്പം ആസ്പത്രിയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍, ചികിത്സാസൗകര്യങ്ങള്‍, രോഗീസേവനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഭര്‍ത്താവ് ഭാര്യക്ക് വിശദമായി പരിചയപ്പെടുത്തുകയുംചെയ്തു. ബദിയഡുക്ക ആയുര്‍വേദ ആസ്പത്രിയില്‍ ഡോക്ടറായ എല്‍ദോസ് പോള്‍ ആറ് മാസമായി ഇരിയണ്ണി ഡിസ്‌പെന്‍സറിയുടെ ചുമതലകൂടി വഹിക്കുകയാണ്.
അധ്യാപക ദമ്പതിമാരായ വിദ്യാനഗര്‍ ചാല റോഡ് ‘വടശ്ശേരി’യിലെ ജോസ് ഫ്രാന്‍സിസിന്റെയും മിനി തോമസിന്റെയും മൂത്ത മകളാണ് ജെസ്നി.
2018-ല്‍ ആരോഗ്യ സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ ബിഎഎംഎസ് പാസായ ജെസ്നി കായകല്പ ചികിത്സയില്‍ ബിരുദാനനതര ബിരുദവും നേടിയിട്ടുണ്ട്.
ജെസ്നിയുടെ സഹോദരിമാരായ ജസ്നയും ജോസ്നയും ഡോക്ടര്‍മാരാണ്. ഡോ. എല്‍ദോ പോള്‍ എറണാകുളം മൂവാറ്റുപുഴയിലെ മുന്‍ അധ്യാപകന്‍ കെ.പി. പൈലിയുടെയും വത്സ പോളിന്റെയും മകനാണ്.
മൂന്ന് വര്‍ഷമായി ബദിയഡുക്ക ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലിചെയ്യുകയാണ്.
