പരിമിതികളോട് സലാം പറഞ്ഞ് മഞ്ഞപ്പാറ മലയിൽ ട്രെക്കിങ്
അമ്പലവയൽ:പരിമിതികളോട് സലാം പറഞ്ഞ് മഞ്ഞപ്പാറ മലയിൽ ട്രെക്കിങ്. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബത്തേരി രൂപതയുടെ സാമൂഹികസേവന വിഭാഗമായ ശ്രേയസ്സിന്റെ നേതൃത്വത്തിലുള്ള സ്പർശ് പദ്ധതിയുടെ ഭാഗമായാണ് ട്രെക്കിങ് നടന്നത്. ശാരീരിക വൈകല്യമുള്ളവർക്കായാണ് മലമുകളിലേക്ക് ട്രെക്കിങ് സംഘടിപ്പിച്ചത്.ശാരീരിക, മാനസിക വൈകല്യമുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുക,അവകാശങ്ങളും പരിഗണനകളും ലഭ്യമാക്കുക തുടങ്ങിയ ആഹ്വാനങ്ങളുമായായിരുന്നു പരിപാടി. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സമൂഹവുമായി ഇഴ ചേർന്നു ജീവിക്കാനുള്ള പ്രാപ്തി സ്വായത്തമാക്കുന്ന പ്രവർത്തനങ്ങളാണ് ശ്രേയസ്സ് ആവിഷ്കരിച്ചിട്ടുള്ളതെന്നും സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തര പരിശീലനത്തിലൂടെ നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ശ്രേയസ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് അലിങ്കൽ പറഞ്ഞു. പലവിധ പരിമിതികളോട് പൊരുതുമ്പോൾ തളരാതെ കരുതുന്നവരായി സമൂഹം മാറണമെന്ന സന്ദേശം കൂടി ഇത്തരം പരിപാടികൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് പ്രോഗ്രാം ഓഫിസർ എൻ.ജെ. ജോൺ പറഞ്ഞു. ശ്രേയസ്സ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി, പ്രോജക്ട് മാനേജർ കെ.പി.ഷാജി, എസ്പിസി ലീഗൽ കൗൺസിലർ, ജിനി ജോസഫ്, മഞ്ഞപ്പാറ സെന്റ് ആന്റണീസ് യാക്കോബായ പള്ളി വികാരി ഫാ. എൽദോ പനച്ചേൽ,ശ്രേയസ്സ് സ്റ്റാഫ് സെക്രട്ടറി ജൻസി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
