മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽ കായിക ദിനാഘോഷം നടത്തി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായികദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. രണ്ട് മാസത്തോളമായി നീണ്ടു നിന്ന കായിക ഇനങ്ങൾ കണിയാരം ഫാ.ജികെഎം സ്‌കൂൾ ഗ്രൗണ്ടിലും, രണ്ടേനാൽ ടർഫിലുമായിട്ടാണ് നടന്നത്. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ജീവനക്കാർ വളരെ ആവേശപൂർവമാണ് മത്സരങ്ങളിൽ പങ്കെടുത്തത്.സ്റ്റാഫ് കൌൺസിൽ ചെയർമാൻ ഡോ. സെക്കീർ, ദിവ്യ(സ്റ്റാഫ് സെക്രട്ടറി ), ഡോ സജേഷ്, റൈജിഷ് ലാൽ ഐ കെ,ടിറ്റോ സേവ്യർ (സ്പോർട്‌സ് കമ്മിറ്റി കോർഡിനേറ്റർസ്) എന്നിവർ നേതൃത്വം നൽകി. ജോലിയുടെ ഒഴിവുവേളകൾ ആസ്വദിക്കുവാനും ജീവനക്കാർക്കിടയിലുള്ള ബന്ധം ഊഷ്മളമാക്കാനും പ്രസ്‌തുത പരിപാടി കൊണ്ട് സഹായകരമായതായി സ്റ്റാഫ് കൗൺസിൽ വിലയിരുത്തി.
ആശുപത്രിയിലെ ജീവനക്കാരെ മുഴുവൻ നാല് ടീമുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആവേശത്തോടൊപ്പം കൗതുകവുമുണർത്തുന്ന വിധത്തിൽ പ്രമുഖ ഐ.പി.എൽ ടീമുകളുടെ പേരുകൾക്ക് സമാനമായി റോയൽ സ്കാൽപൽസ്, ഓക്സിജൻ റൈഡേഴ്‌സ്, സ്യൂച്ചർ കിംഗ്‌സ്, കോർഡ് ബ്ലൂ ഇന്ത്യൻസ് എന്നിങ്ങനെയുള്ള ടീമുകളാണ് പരസ്‌പരം മാറ്റുരച്ചത്. ആതുരശുശ്രൂഷാരംഗത്തെ വിശ്രമമില്ലാത്തതും തിരക്കുനിറഞ്ഞതുമായ സേവനത്തിനിടയിൽ കായികവും മാനസികവുമായ ഉല്ലാസത്തിനായി സംഘടിക്കപ്പെടുന്ന ഇത്തരം അവസരങ്ങൾ ജയത്തിനും തോൽവിക്കും അപ്പുറം വലിയ ആസ്വാദനത്തിനും വഴിയൊരുക്കിയതായി സംഘാടകർ വിലയിരുത്തി.
രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ജീവനക്കാരുടെ ഒഴിവുസമയങ്ങൾ ക്രമീകരിച്ച് അത്ലറ്റിക്സും ഇൻഡോർ ഗെയിമുകളും ഫുട്ബോൾ, ക്രിക്കറ്റ് പോലെയുള്ള മത്സര ഇനങ്ങളും നടത്തി.
