കേരളം അത്ര ജലസമൃദ്ധമല്ല, ജല ഉപയോഗത്തിന് പൂട്ട്! വീടുകളിൽ കിണർ കുഴിക്കുന്നതിലും കുടിവെള്ളത്തിന്റെ വിനിയോഗത്തിലും കടുത്ത നിയന്ത്രണങ്ങൾ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കിണർ കുഴിക്കുന്നതിനും കുടിവെള്ളത്തിൻ്റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണം വരുന്നു. വീട്ടാവശ്യത്തിന് കിണർ കുഴിക്കാൻ മുൻകൂർ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്നതാണ് സംസ്ഥാന ജല നയത്തിന്റെറെ കരട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരുമെന്നാണ് വ്യക്തമാകുന്നത്. ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം അത്രക്ക് അങ്ങനെ അല്ലെന്ന് ഓർമ്മിപ്പിച്ചും കടുത്ത നിയന്ത്രണങ്ങളുടെ ആവശ്യകത എടുത്ത് പറയുന്നതുമാണ് സംസ്ഥാന ജല നയത്തിൻ്റെ കരട്.
വിശദ വിവരങ്ങൾ
വീടു വച്ചാൽ ഒരു കിണറും കുഴിക്കുന്ന മലയാളിയുടെ ശീലവും അതിൻ്റെ തുർച്ചയും ഇനി അത്ര എളുപ്പമാകില്ല. കിണർ കുത്താൻ അനുമതി വാങ്ങണം. കുടിവെള്ളം അടക്കം വീട്ടാവശ്യത്തിനും മറ്റാവശ്യങ്ങൾക്കുമായി ഓരോ വീട്ടിലും രണ്ട് ടാങ്ക് വേണം. മഴവെള്ള സംഭരണിയുടെ പ്രവർത്തനം ഉറപ്പാക്കണം. വെള്ളത്തിൻ്റെ ഗുണനിലവാരം ഉറക്കൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നതിന് കനത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്. വെള്ളമെടുക്കുന്ന സ്രോതസ്സുകൾ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗർഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേർപ്പെടുത്തും. ജലക്ഷാമ മേഖലകളിൽ വൻതോതിൽ വെള്ളം ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാകില്ല. കരട് നയം സമഗ്രമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും സമർപ്പിക്കാനാണ് സർക്കാർ * തീരുമാനം.
