Feature NewsNewsPopular NewsRecent News

കൊല്ലപ്പെട്ട കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി

പ്രണയത്തിന് മരണമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ യുവതി. ജാതിയുടെ പേരിൽ സ്വന്തം കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ, വിവാഹം ചെയ്താണ് സ്വന്തം പ്രണയം അവൾ തെളിയിച്ചത്.

20 വയസ്സുള്ള സക്ഷം ടേറ്റ് എന്ന യുവാവിനെയാണ് യുവതിയുടെ കുടുംബാംഗങ്ങൾ ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്ന് വർഷമായി സക്ഷം ടേറ്റുമായി, ആഞ്ചൽ എന്ന യുവതി പ്രണയത്തിലായിരുന്നു. യുവതിയുടെ സഹോദരങ്ങൾ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇവരുടെ പ്രണയബന്ധത്തെ ജാതിയുടെ പേരിൽ യുവതിയുടെ കുടുംബം എതിർത്തിരുന്നു.

യുവാവിനെ വിവാഹം കഴിക്കാൻ ആഞ്ചൽ തീരുമാനിച്ചതറിഞ്ഞതോടെയാണ്, യുവതിയുടെ സഹോദരങ്ങളും പിതാവും ചേർന്ന് അയാളെ കൊല്ലാൻ തീരുമാനിച്ചത്. ക്രൂര മർദ്ദനത്തിലൂടെയാണ് ഇവർ യുവാവിനെ കൊലപ്പെടുത്തിയത്. മർദ്ദിച്ച് അവശനാക്കുകയും കല്ല് കൊണ്ട് തലയിലിടിക്കുകയും കൂടാതെവെടിവയ്‌ക്കുകയും ചെയ്‌തു.

യുവാവിന്റെ അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെയാണ് യുവതി വീട്ടിലെത്തിയത്. തുടർന്ന് മൃതദേഹത്തിൽ മഞ്ഞൾ തേച്ചു, അതിനുശേഷം സ്വന്തം നെറ്റിയിൽ സിന്ദൂരം ചാർത്തി, തുടർന്ന് കാമുകന്റെ മൃതദേഹത്തെ അവൾ വിവാഹം ചെയ്തു.”സക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്നേഹം ജീവിച്ചിരിക്കുന്നു. എന്റെ അച്ഛനും സഹോദരങ്ങൾക്കും തോറ്റുപോയി,”എന്നാണ് ആഞ്ചൽ പറഞ്ഞത്.

കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്നും ശേഷിച്ച ജീവിതം സക്ഷമിന്റെ ഭാര്യയായി ഭർത്താവിന്റെ വീട്ടിൽ കഴിയുമെന്നുമാണ് യുവതി പറഞ്ഞത്. ആറ് പ്രതികൾക്കെതിരെയാണ് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജാതിയുടെ പേരിൽ നടന്ന ഈ ദുരഭിമാനക്കൊല രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *