Event More NewsFeature NewsNewsPoliticsPopular NewsRecent News

ടൂറിസ്റ്റ് ബസിലെ ലേസർ ലൈറ്റുകളും രൂപമാറ്റവും നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ രൂപ മാറ്റത്തിലും ബസിലെ ലേസർ ലൈറ്റുകളുടെ ഉപയോഗത്തിലും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർ ക്യാബിനിൽ വച്ച് വ്‌ളോഗ് ചിത്രീകരിക്കുന്നതിനും, ബസ്സുകളിലെ അമിത ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരേ കർശന നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും കോടതി നിർദേശം നൽകി.

വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾസംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് ഉത്തരവ്. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ കോടതിയിൽ പരിശോധിച്ചിരുന്നു. ഡ്രൈവർക്യാബിനിൽ വച്ച് വീഡിയോ ചിത്രീകരിച്ച് അലക്ഷ്യമായിപ്പോകുന്ന ചരക്കുലോറിക്കു പിന്നിൽ യാത്രാ ബസും മറ്റൊരു ലോറിയും ഇടിച്ച് വലിയ അപകടമുണ്ടാകുന്ന ദൃശ്യം, വലിയ ശബ്ദത്തിൽ പാട്ടുവെച്ച് അമിത ലേസർ ലൈറ്റുകൾ ഉപയോഗിച്ച ബസിൽ വിദ്യാർഥികൾ നൃത്തംചെയ്ത് വിനോദയാത്ര പോകുന്ന ദൃശ്യം എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

രൂപമാറ്റം വരുത്തിയ റിക്കവറി വാനിൽ നിശ്ചിതപരിധിയിൽ കൂടുതൽപ്പേർ യാത്രചെയ്യുന്നതും എൽഇഡി പാനലുകളുടെ നിർമാണസംവിധാനവുമെല്ലാം കോടതി ദൃശ്യങ്ങളിൽ കണ്ടെത്തി. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മിഷണർക്കും വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി. അനധികൃത ലൈറ്റുകൾ ഓരോന്നിനും 500 രൂപവീതം പിഴയും നിർദേശിച്ചു. വീഡിയോയിൽക്കണ്ട വിനോദയാത്ര ഏതു വിദ്യാലയത്തിൽ നിന്നാണെന്നതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കോടതി നിർദേശം നൽകി. കോടതി പരിശോധിച്ച വീഡിയോകൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *