Event More NewsFeature NewsNewsPoliticsPopular NewsRecent News

കേരളത്തിലേക്കുള്ള ബസ്സോട്ടം നിര്‍ത്തി 10 ദിവസം; ഇതുവരെ നഷ്ടം 22 കോടി രൂപയെന്ന് ഉടമകള്‍

ചെന്നൈ : പത്തു ദിവസമായി കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ 22 കോടി രൂപ നഷ്ടമുണ്ടായതായി സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. സര്‍വീസുകള്‍ നിര്‍ത്തി വെച്ചതിനാല്‍ ശബരിമല തീര്‍ഥാടകരെയും പ്രതികൂലമായി ബാധിച്ചു. പെര്‍മിറ്റെടുക്കാതെ സര്‍വീസ് നടത്തിയ തമിഴ്നാട്ടില്‍നിന്നുള്ള സ്വകാര്യബസുകള്‍ക്ക് കേരള ഗതാഗതവകുപ്പ് പിഴചുമത്തിയിരുന്നു.

ടൂറിസ്റ്റ് പെര്‍മിറ്റെടുത്താണ് സര്‍വീസുകള്‍ നടത്തിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ എട്ടുമുതലാണ് തമിഴ്നാട്ടിലെ 150-ഓളം സ്വകാര്യബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതേത്തുടര്‍ന്നാണ് 22 കോടി രൂപയുടെ നഷ്ടമുണ്ടായതെന്നാണ് പറയുന്നത്. അതുപോലെത്തന്നെ കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് ക്ഷേത്രസന്ദര്‍ശത്തിനെത്തുന്ന ഭക്തരെയും പ്രതികൂലമായി ബാധിച്ചതായി സ്വകാര്യ ബസ്സുടമസ്ഥസംഘം പ്രസിഡന്റ് എന്‍. അന്‍പഴകന്‍ അറിയിച്ചു.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴനാട്ടില്‍ സ്വകാര്യബസുകളിലെ ജീവനക്കാര്‍ക്കും പത്തുദിവസമായി തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ചര്‍ച്ചനടത്തി സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന രീതിയില്‍ നടപടിയെടുക്കണമെന്ന് എ. അന്‍പഴകന്‍ ആവശ്യപ്പെട്ടു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ നിന്ന് റോഡ് നികുതിക്കു പുറമേ അയല്‍ സംസ്ഥാനങ്ങള്‍ നികുതിയീടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതിയടയ്ക്കുന്നത് ഒഴിവാക്കുന്നതിന് ഓംനി ബസുകള്‍ക്ക് കേന്ദ്രം പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് എ. അന്‍പഴകന്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്നുമാസത്തേക്ക് 90,000 രൂപ നല്‍കിയാണ് ബസുകള്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുക്കുന്നതെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ. അന്‍പഴകന്‍ അറിയിച്ചിരുന്നു. തമിഴ്നാട് റോഡ് ടാക്‌സായി ഒന്നരലക്ഷം രൂപ ഈടാക്കുന്നുണ്ട്. ഇതേ ബസ് കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ പ്രവേശിക്കുമ്പോള്‍ രണ്ടു ലക്ഷം രൂപയോളം വീണ്ടും നല്‍കണം. ഇത് അമിതഭാരമാണെന്നാണ് ബസുടമകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *