കടം കൊടുത്ത പണം തിരിച്ച് ചോദിച്ചു, അയാളുടെ കൊടും ചതിയില്‍ നഷ്ടമായത് എആര്‍എം അടക്കമുള്ള സിനിമകള്‍; വെളിപ്പെടുത്തി ഹരീഷ് കണാരന്
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നുമാണ് നടന് ഹരീഷ് കണാരന് സിനിമയിലെത്തുന്നത്. ടെലിവിഷനിലെന്നത് പോലെ തന്നെ സിനിമയിലും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അഭിനയത്തില്‍ അത്ര സജീവമല്ല ഹരീഷ് കണാരന്. മധുരക്കണക്ക് എന്ന ചിത്രത്തിലൂടെ ഹരീഷ് തിരികെ വരികയാണ്. നെഗറ്റീവ് കഥാപാത്രമായാണ് ഹരീഷിന്റെ തിരിച്ചുവരവ്.
മലയാള സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് അപ്രതക്ഷ്യനാകാന്‍ കാരണം ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണെന്നാണ് ഹരീഷ് പറയുന്നത്. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് ഹരീഷ് കണാരന് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറെക്കുറിച്ച് വെളിപ്പെടുത്തിയത്.
”എന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്നൊരു പ്രൊഡക്ഷന്‍ കണ്ട്രോളര് ഉണ്ടായിരുന്നു. മലയാളത്തില്‍ ഒട്ടുമിക്ക സിനിമകളും ഒരുകാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാന്‍ 20 ലക്ഷത്തോളം രൂപ കടമായി കൊടുത്തു. അതില്‍ ആറ് ലക്ഷത്തോളം തിരികെ തന്നു” ഹരീഷ് കണാരന് പറയുന്നു.
”വീടു പണി നടക്കുന്ന സമയത്ത് ബാക്കി ഞാന്‍ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ അമ്മ സംഘടനയില്‍ പരാതി നല്കി. ഇതിന്റെ വൈരാഗ്യത്തിലാകണം അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളില്‍ നിന്നും എന്നെ കട്ട് ചെയ്തു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി” എന്നും അദ്ദേഹം പറയുന്നു.
പിന്നീട് കണ്ടപ്പോള്‍ ടൊവിനോ ചോദിച്ചു, ചേട്ടനെ കണ്ടില്ലല്ലോ എന്ന്. ഇങ്ങനെ ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായെന്നാണ് ഹരീഷ് കണാരന് പറയുന്നത്. അതാണ് പെട്ടെന്ന് സിനിമയില്‍ നിന്നും അപ്രതക്ഷ്യനായി എന്ന് തോന്നിയത്. കുറേകാലത്തിന് ശേഷം ഇപ്പോഴും അഭിനയത്തില്‍ വീണ്ടും സജീവമാകുന്നതെന്നും അദ്ദേഹം പറയുന്നു
