കുരങ്ങുകളെ കൊണ്ടു പൊറുതിമുട്ടി മടക്കിമല പ്രദേശവാസികൾ
കമ്പളക്കാട്:കുരങ്ങുകളെ കൊണ്ടു പൊറുതിമുട്ടി മടക്കിമല പ്രദേശവാസികൾ. അടുത്തെങ്ങും വനമേഖല ഇല്ലാത്ത പ്രദേശമായ മടക്കി മലയിലും പരിസരത്തും കുരങ്ങുശല്യം മൂലം വീടു തുറന്നിടാനോ, കൃഷി ചെയ്യാനോ പറ്റാത്ത അവസ്ഥയാണ്. വീട് തുറന്നിട്ടാൽ വീടിനുള്ളിൽ കയറി സാധനങ്ങൾ നശിപ്പിക്കുന്നതിനു പുറമേ കഴുകി വീടിനു പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ വരെ എടുത്തു കൊണ്ടു പോകും. ഇതിനെല്ലാം പുറമേ കൂട്ടമായി എത്തുന്ന കുരങ്ങുകൾ സർവ കൃഷികളും നശിപ്പിക്കുകയും വിളകൾ തിന്നുതീർക്കുകയുമാണ്. പ്രദേശത്തെ വാഴകളിലെ കായ്കൾ മുഴുവൻ തിന്നുതീർത്ത് കാളമുണ്ടൻ മാത്രം ബാക്കിയാക്കിയ അവസ്ഥയാണ്.വാഴക്കുലയിലെ പച്ച കായ്കൾ പോലും ബാക്കി വയ്ക്കാതെയാണു ഇവറ്റകൾ തിന്നു തീർക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ നാശമാണു വരുത്തുന്നത്. തെങ്ങുകളിൽ നിന്നു കരിക്കും നാളികേരവും പറിച്ചെടുത്തു നശിപ്പിക്കുന്നതിനു പുറമേ കപ്പ അടക്കമുള്ള കിഴങ്ങ് വിളകൾ മണ്ണ് മാന്തി പറിച്ചെടുത്ത് കൊണ്ടു പോകുന്നുമുണ്ട്. കൂടാതെ കോഴിക്കൂടുകളിൽ കയറി മുട്ട മോഷണവും കുരങ്ങുകൾ പതിവാക്കിയതോടെ ഒരു തരത്തിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കുരങ്ങുകളെ കൊല്ലുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റം ആയതിനാൽ ഇവയെ തുരത്താൻ പോലും കർഷകർ മടിക്കുന്നതാണു കുരങ്ങുശല്യം രൂക്ഷമാകാൻ കാരണം. വ്യാപകമായി കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ കൂടു വച്ച് പിടികൂടണമെന്നും കുരങ്ങുകളുടെ ശല്യത്തിൽ നിന്നു രക്ഷിക്കാൻ നടപടി വേണമെന്നുമാണു കർഷകരുടെ ആവശ്യം.
