തിരുവനന്തപുരം മ്യൂസിയത്തിൽ എത്തുന്നവർക്കിനി തെരുവ് നായ്ക്കളെ ഭയക്കേണ്ട; നായ്ക്കളെ പിടികൂടാൻ നടപടി തുടങ്ങി
തിരുവനന്തപുരം മ്യൂസിയത്തിൽ എത്തുന്നവർക്കിനി തെരുവ് നായ്ക്കളെ ഭയക്കേണ്ട. നായ്ക്കളെ പിടികൂടാൻ കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം അഞ്ചുപേർക്ക് നായയുടെ കടിയേറ്റത്തിൻ്റെ പശ്ചാത്തലത്തിലാണ് തെരുവുനായ ശല്യം പരിഹരിക്കാൻ കോർപ്പറേഷനും മൃഗശാല അധികൃതരും ഇടപെട്ടത്.
കഴിഞ്ഞദിവസം മ്യൂസിയത്തിൽ പ്രഭാതനടത്തത്തിനെത്തിയ അഞ്ചുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മ്യൂസിയം വളപ്പിലെ നായ്ക്കൾക്ക് നേരെയും ആക്രമണമുണ്ടായി. നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നാലെ കോർപ്പറേഷൻ അടിയന്തര നടപടികളുമായി രംഗത്തെത്തുകയായിരുന്നു. ഇന്നലെത്തന്നെ മ്യൂസിയത്തിൽ നായ്ക്കളെ പിടികൂടാൻ നടപടി ആരംഭിച്ചു. അഞ്ചു നായ്ക്കളെ പിടികൂടി. ഇന്ന് രാവിലെ ബാക്കി നായ്ക്കളെയും പിടികൂടാനുളള ശ്രമത്തിലാണ്.
മ്യൂസിയത്തിലെ നായ്ക്കളെ ഒഴിപ്പിച്ചു തുടങ്ങിയതോടെ പതിവു നടത്തക്കാരിലും ഭയമകന്നു തുടങ്ങി. എന്നാൽ, ചിലരിലിപ്പോഴും ഭയം മാറിയിട്ടില്ല. മ്യൂസിയത്തിലെ മാത്രമല്ല കോർപ്പറേഷനിലെ ആകെ തെരുവുനായ ശല്യം ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പിടികൂടിയ നായ്ക്കളെ പേട്ടയിലെ എബിസി സെന്ററിലേക്കാണ് മാറ്റുന്നത്. മ്യൂസിയത്തിൽ എത്തുന്നവർ നായ്ക്കൾക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകാൻ പാടില്ലെന്ന് മൃഗശാല അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
