Feature NewsNewsPopular NewsRecent News

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: മരുന്ന് കുറിച്ചുനൽകിയ ഡോക്‌ടറുടെ ഭാര്യയും അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ കഫ് സിറപ്പ് മരണങ്ങളിൽ കുട്ടികൾക്ക് മരുന്ന് നൽകിയ ഡോക്ട‌റുടെ ഭാര്യ അറസ്റ്റിൽ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയാണ് അറസ്റ്റിലായത്. മരിച്ച നിരവധി കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്‌ത മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി. മരുന്ന് കമ്പനിയിൽ നിന്ന് ഇവർക്ക് 27 ശതമാനം കമ്മീഷൻ ലഭിച്ചതായും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 25 കുട്ടികളാണ് ചുമ മരുന്നു കഴിച്ചു മരിച്ചത്.

സംഭവത്തിൽ ചിന്ദ്വാരയിലെ ഡോക്‌ടറായ പ്രവീൺ സോണി നേരത്തെ അറസ്റ്റിലായിരുന്നു. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു.

മരണത്തിന് കാരണമായ കോൾഡ്‌റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കോൾഡ്‌റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ ഇന്നലെ നിരോധിച്ചിരുന്നു. മരുന്നിൻ്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ സർക്കാർ ഡ്രഗ് അനലിസ്റ്റ് പരിശോധിച്ച സിറപ്പിന്റെ സാമ്പിൾ, ഗുണനിലവാരമില്ലാത്തതാണെന്നും തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി കേരളവും കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും നിർത്തിവെചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *