Event More NewsFeature NewsNewsPoliticsPopular NewsUncategorized

ആറുവരിപ്പാതയിലെ യാത്ര അത്ര സുരക്ഷിതമല്ല;നിയമലംഘനങ്ങൾ, യാത്രക്കാർക്കുള്ള സഹായങ്ങൾ എന്നിവക്ക് സംവിധാനങ്ങൾ ഇല്ല!!..

ആറുവരിപ്പാത തുറന്നുകൊടുത്തിട്ട് മാസങ്ങളായിട്ടും കാര്യങ്ങളൊന്നും ഇതുവരെ അത്രയ്ക്ക് ചിട്ടയായിട്ടില്ല. ഗതാഗതനിയന്ത്രണങ്ങൾ, നിയമലംഘനങ്ങൾ, സുരക്ഷിതയാത്ര, യാത്രക്കാർക്കുള്ള സഹായങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനും നിരീക്ഷണങ്ങൾക്കും നടപടികളെടുക്കുന്നതിനും ഔദ്യോഗിക സംവിധാനങ്ങളൊന്നും കാര്യക്ഷമമായിട്ടില്ല.

80 കിലോമീറ്ററിലേറെ നീളത്തിലാണ് ജില്ലയിൽ ദേശീയപാതയും സർവീസ് റോഡുകളും കടന്നുപോകുന്നത്. ഇത്രയും ദൂരത്തിൽ പാതയിലൂടെ സഞ്ചരിച്ച് നിരീക്ഷണം നടത്താൻ പോലീസ്, ഹൈവേ പോലീസ്, എംവിഡി തുടങ്ങിയവർക്ക് പരിമിത സൗകര്യങ്ങൾ മാത്രമേ ഉള്ളൂ. ഹൈവേ പോലീസിന്റെ രണ്ട് യൂണിറ്റുകളാണ് ജില്ലയിലെ ദേശീയപാതയിലുള്ളത്. ഒരു എസ്.ഐ. അടക്കം നാല് പോലീസുകാരാണ് ഈ വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടാകുക.

ജില്ലയുടെ അതിർത്തിയായ ഇടിമൂഴിക്കൽ മുതൽ വട്ടപ്പാറവരെയാണ് ഒരു യൂണിറ്റിന്റെ പ്രവർത്തനം. വട്ടപ്പാറ മുതൽ തൃശ്ശൂർ ജില്ലയുടെ അതിർത്തിവരെയാണ് രണ്ടാമത്തെ യൂണിറ്റിൻ്റെ പരിധി. 24 മണിക്കൂറും ഇവർ ഹൈവേയിൽ ഉണ്ടാകുമെങ്കിലും ഇത്രയും ദൂരത്തിൽ ഒരുതവണ ഓടിയെത്താൻത്തന്നെ ഇവർക്ക് ഏറെ സമയമെടുക്കും. നിരീക്ഷണം നടത്തിയും പരിശോധനകളും നടപടികളുമെടുത്ത് പാതയിലൂടെ പോയാൽ എല്ലായിടത്തും എത്താനും പറ്റില്ല.

ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകൾക്ക് കീഴിലും പരിശോധനകളും നിരീക്ഷണങ്ങളും നടക്കുന്നുണ്ട്. മോട്ടോർ വാഹനവകുപ്പിന് ജില്ലയിൽ താലൂക്കുകൾ കേന്ദ്രീകരിച്ച് ആറ് സ്‌ക്വാഡുകളാണുള്ളത്. ദേശീയപാതകളും സംസ്ഥാനപാതയും മറ്റു റോഡുകളുമടക്കം എല്ലായിടത്തും പരിശോധന നടത്തുന്നത് ഈ സ്ക്വാഡുകളാണ്. പുതിയ ആറുവരിപ്പാത കടന്നുപോകുന്ന ഭാഗങ്ങളിൽ അതാത് സ്ഥലങ്ങളിലെ ജോയിൻ്റ് ആർടിഒമാർക്ക് കീഴിലെ സ്ക്വാഡുകളാണ് നിരീക്ഷണം നടത്തുന്നത്. വലിയൊരു ഭാഗങ്ങളിൽ പരിശോധനകളും നിരീക്ഷണങ്ങളും നടത്തുന്നതിന് മോട്ടോർവാഹനവകുപ്പിന്റെ നിലവിലെ സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ ദൂരത്തിൽ ആറുവരിപ്പാത കടന്നുപോകുന്നത് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻപരിധിയിലൂടെയാണ്. ചേളാരി മുതൽ പൂക്കിപ്പറമ്പ് വരെയുള്ള 15 കിലോമീറ്ററോളംനീളത്തിലാണ് തിരൂരങ്ങാടിയിൽ പാതയുള്ളത്. സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളടക്കമുള്ള നിയമപാലനത്തിന് പോലീസുകാരുടെ എണ്ണം കുറവുള്ള സ്ഥിതിയാണ് തിരൂരങ്ങാടിയിലുള്ളത്.
ചെമ്മാട് ടൗൺ, താഴെ ചേചളാരി, കൊളപ്പുറം, കക്കാട്, വെന്നിയൂർ, തിരൂരങ്ങാടി ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് പുറമെയാണ് ആറുവരിപ്പാതയിലെ നിരീക്ഷണവും തിരൂരങ്ങാടി പോലീസിന് അധികഭാരമായിരിക്കുന്നത്. ആറുവരിപ്പാതയിൽ അപകടമരണങ്ങൾ വർധിച്ചതോടെ തിരൂരങ്ങാടി പോലീസിൻ്റെ ഒരു വാഹനം ആറുവരിപ്പാതയിൽ കൂടുതൽ സമയം നിരീക്ഷണം നടത്തുന്നുണ്ട്. ഗതാഗതനിയന്ത്രണങ്ങളും ദേശീയപാതയിലെ നിരീക്ഷണങ്ങളും ശക്തമാക്കുന്നതിന് തിരൂരങ്ങാടി കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് വേണമെന്ന ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

കക്കാടിനും കൂരിയാടിനും ഇടയിൽ സർവീസ് റോഡ് ഇല്ലാത്തത് വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്. കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന മൂന്നുവരിപ്പാത കൂരിയാട് പഴയ പാലത്തിൽ എത്തുമ്പോൾ രണ്ടുവരിയായി ചുരുങ്ങും. സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളും ഇവിടെ എത്തുമ്പോൾ പുതിയ പാതയിൽ കയറണം. നാല് വരിയിലൂടെ ഒരേദിശയിൽ വരുന്ന വാഹനങ്ങൾക്ക് പുഴയുടെ മറുകരയിൽ എത്തണമെങ്കിൽ വീതി കുറഞ്ഞ പഴയ പാലത്തിലൂടെ രണ്ടുവരിയായി പോകണം. സർവീസ് റോഡ് പൈട്ടന്ന് അവസാനിക്കുന്നതോടെ അമിതവേഗതയിൽ വാഹനങ്ങളെത്തുന്ന പുതിയ പാതയിലേക്ക് കയറേണ്ടിവരുന്നതും വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്.

കോഴിക്കോട് ഭാഗത്തുനിന്ന് സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കും കൂരിയാട് പാലം എത്തുന്നതോടെ റോഡ് അവസാനിക്കും. ഈ വാഹനങ്ങൾക്കും പുതിയ ആറുവരിപ്പാതയിൽ കയറിയാലാണ് പുഴയുടെ മറുകരയിലെത്താനാകുക. കോഴിക്കോട് ഭാഗത്തുനിന്ന് മൂന്നുവരിപ്പാതയിലും സർവീസ് റോഡിലുമായി നാലുവരിയിലെത്തുന്ന വാഹനങ്ങൾ കൂരിയാട് പാലത്തിൽ മൂന്നുവരിയായി പുഴ കടക്കണം.

ആറുവരിപ്പാതയിലൂടെ ഗതാഗതം ഏറെ വേഗത്തിലായെങ്കിലും പോലീസും മോട്ടോർവാഹനവകുപ്പും കൂടുതൽ ഹൈടെക് ആയിട്ടില്ലെന്നത് വലിയ പോരായ്‌മയാണ്. പാതയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചുണ്ടെങ്കിലും ഇതിലെ ദൃശ്യങ്ങൾ മോട്ടോർവാഹനവകുപ്പിനും പോലീസിനും ലഭ്യമാക്കുന്നതിനുള്ള നടപടികളായിട്ടില്ല. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്ഥാപിച്ചിട്ടുള്ള ക്യാമറയിലെ ദൃശ്യങ്ങൾ എംവിഡിക്കും പോലീസിനും ലഭ്യമാക്കിയാൽ മാത്രമാണ് ആറുവരിപ്പാതയിലെ നിരീക്ഷണം ശക്തമാക്കുന്നതിനും നിയമലംഘനങ്ങൾക്കെതിരേ നടപടികൾ വേഗത്തിലാക്കുന്നതിനും സാധിക്കുക.

പാതയിലെ അപകടങ്ങൾ, ഗതാഗതക്കുരുക്കുകൾ, അപകടസാധ്യതകൾ, രക്ഷാപ്രവർത്തനം, റോഡിലെ മറ്റു അടിയന്തര സാഹചര്യങ്ങൾ എന്നിവ വേഗത്തിൽ അറിയുന്നതിനും ഇടപെടലുകൾ നടത്തുന്നതിനും ക്യാമറ ദൃശ്യങ്ങൾ ലൈവായി ലഭ്യമാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്നാണ് പോലീസും മോട്ടോർവാഹനവകുപ്പും ആവശ്യപ്പെടുന്നത്.

വാഹനങ്ങളുടെ നമ്പർ വേഗത്തിൽ കണ്ടെത്താനാകുന്ന എഎൻപിആർ. ഡാഷ് ക്യാമറകൾ(ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനിഷൻ) എംവിഡിയുടെയും പോലീസിന്റെയും വാഹനങ്ങളിൽ കൂടുതൽ അനുവദിക്കണം. നിലവിൽ ആറുവരിപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ വേഗത കണ്ടെത്തുന്നതിനുള്ള ക്യാമറകളുടെ എണ്ണം കുറവാണ്. ഓരോ കിലോമീറ്ററിനും ഇടയിലെങ്കിലും ഇത്തരം ക്യാമറകൾ സ്ഥാപിച്ചാലാണ് ആറുവരിപ്പാതയിലെ ഗതാഗതനിരീക്ഷണം എളുപ്പത്തിലാകുക. ഹൈവേ പോലീസിലും മോട്ടോർ വാഹനവകുപ്പിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണം.

ദേശീയപാതയിലെ ചങ്കുവെട്ടിയിലുള്ള എംവിഡിയുടെ കൺട്രോൾ റൂമിലും കൂടുതൽ ജീവനക്കാരെ നിയമിക്കണം. റോഡിലെ വേഗതയ്ക്ക് അനുസരിച്ച് സംവിധാനങ്ങളും ഹൈടെക് ആകുമ്പോഴാണ് സുരക്ഷിതയാത്ര ഉറപ്പാക്കാനാകുക.

Leave a Reply

Your email address will not be published. Required fields are marked *