ആരോഗ്യ രംഗത്തെ ഇരട്ട നേട്ടങ്ങളുടെ പുരസ്കാര നിറവിൽ കൽപ്പറ്റ നഗരസഭ
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2023 – 24 വർഷത്തെ ആർദ്ര കേരളം പുരസ്കകാരവും, സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കായകൽപ്പം അവാർഡും നേടിയാണ് കൽപ്പറ്റ നഗരസഭ ജില്ലക്ക് അഭിമാനമായത്. തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭക്ക് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും നഗരസഭആരോഗ്യകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് എ.പി. മുസ്‌തഫ, നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, മുണ്ടേരി അർബൺ പ്രൈമറി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. ഷരീഫ് എൻ എം., ജില്ലാ അർബൺ ഹെൽത്ത് കോർഡിനേറ്റർ ഡിജോ ജോയി, മുണ്ടേരി അർബൺ ജെ.പി.എച്ച്.എൻ ഷീജ കെ. എന്നവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതികൾ പരിഗണിച്ചാണ് ആർദ്ര കേരളം അവാർഡ് പ്രഖ്യാപിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ സ്കോർ, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശിക ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ, മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ്, എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയിൽ സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് തവണ ഒ ഡി എഫ് പ്ലസ് പ്ലസ് അവാർഡ് നേടി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്നും അവാർഡ് സ്വീകരിച്ച കൽപ്പറ്റ നഗരസഭക്ക് ആരോഗ്യ മേഖലയിൽ നൽകുന്ന ആർദ്ര കേരളം അവാർഡും, കായകൽപ്പം അവാർഡും നേടാനായത് സ്വപ്‌ന തുല്യമായ ഇരട്ട നേട്ടമായി.
