Feature NewsNewsPopular NewsRecent News

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം; മലയാളി നഴ്സുമാർ ജീവൻ രക്ഷിച്ചു

അബൂദബി: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം വന്ന സഹയാത്രികന് ജീവന്‍ സമ്മാനിച്ച് രണ്ട് മലയാളി നഴ്‌സുമാര്‍ ധൈര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാഹരണമായി. ഈ മാസം 13-ന് കൊച്ചിയില്‍ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിലായിരുന്നു സംഭവം.

പുലര്‍ച്ചെ അറബിക്കടലിന് മുകളില്‍ പറക്കുമ്പോഴാണ് 34 വയസ്സുകാരനായ തൃശൂര്‍ സ്വദേശിക്ക് ഹൃദയാഘാതം ഉണ്ടായത്. വിമാനം മധ്യാകാശത്തായതിനാല്‍ ആശുപത്രിയിലെത്താനുള്ള മാര്‍ഗമില്ലാതിരുന്നതിനാല്‍, യാത്രയുടെ ഗതിയും യാത്രക്കാരുടെ ആശങ്കയും കൂട്ടിയ നിമിഷങ്ങളായിരുന്നു അത്. അപ്പോഴാണ് വയനാട് സ്വദേശി അഭിജിത്ത് ജീസും, ചെങ്ങന്നൂര്‍ സ്വദേശി അജീഷ് നെല്‍സനും, ഇരുവരും മലയാളി നഴ്‌സുമാര്‍, അതുല്യമായ ധൈര്യവും സമചിത്തതയും കാട്ടിയത്. സമീപ സീറ്റില്‍ ഇരുന്ന അഭിജിത്ത് ശ്രദ്ധിച്ചത് ഒരാള്‍ ശ്വാസംമുട്ടി ചലനമില്ലാതെ കിടക്കുന്നതാണ്. പള്‍സ് പരിശോധിച്ചപ്പോഴെല്ലാം ലഭിക്കാതെ വന്നതോടെ ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ വിമാന ജീവനക്കാരെ അറിയിച്ച് സമയം പാഴാക്കാതെ സി.പി.ആര്‍ ആരംഭിച്ചു. അജീഷും ചേര്‍ന്നതോടെ രണ്ടുപേരും ചേര്‍ന്ന് രണ്ട് റൗണ്ട് സി.പി.ആര്‍ നല്‍കി അതോടെ രോഗിക്ക് പള്‍സ് തിരിച്ചുകിട്ടി. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുല്‍ ഖാദര്‍ ചേര്‍ന്ന് രോഗിക്ക് ഐ.വി ഫ്‌ലൂയിഡ് നല്‍കി. വിമാനമിറങ്ങിയ ഉടന്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കി.

വിശേഷം ഇത് ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്രയായിരുന്നു. ഇവര്‍ യു.എ.ഇയിലെ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി ജോലിയില്‍ ചേരാനായാണ് യാത്ര ചെയ്തത്. ഈ ധീരനടപടിക്ക് പിന്നാലെ റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. രോഹില്‍ രാഘവന്‍, ഇരുവരെയും അഭിനന്ദിച്ച് ധൈര്യത്തിനും സമചിത്തതയ്ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

”അവരുടെ ധൈര്യം മാത്രമല്ല, ആസന്നമായ സാഹചര്യത്തില്‍ കാട്ടിയ സമാധാനബോധമാണ് അവരെ വ്യത്യസ്തരാക്കുന്നത്” ഡോ. രോഹില്‍ രാഘവന്‍ അഭിപ്രായപ്പെട്ടു.

ഇരുവരുടെയും പ്രവൃത്തിയെ സോഷ്യല്‍ മീഡിയയിലും പ്രവാസി സമൂഹത്തിലും ‘മനുഷ്യത്വത്തിന്റെ ജയം’ എന്ന നിലയില്‍ പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *