Feature NewsNewsPopular NewsRecent Newsകേരളം

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വിവര സാങ്കേതിക മേഖലയിൽ സംസ്ഥാനത്ത് 2031-നകം പത്തു ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിന്‍റേതാകണം. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2031 ൻ്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 ഐ.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അടിസ്ഥാന സൗകര്യ വികസനം മുതൽ നൈപുണ്യ വികസനംവരെയുള്ള മേഖലകളിൽ വേറിട്ട കാഴ്ച്ചപ്പാടോടെ ചർച്ച ചെയ്യണം. സംസ്ഥാനത്തെ ഐ.ടി സ്ഥലസൗകര്യം മൂന്ന് കോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. ഐ.ടി. മേഖലയുടെ വികസനത്തിനായി ലാൻഡ് പൂളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഡാറ്റ സെന്‍ററുകൾ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചർ സൈറ്റുകൾ, സാറ്റലൈറ്റ് ഐ.ടി പാർക്കുകൾ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. ഊർജ വിനിയോഗം, നിർമാണം തുടങ്ങിയ മേഖലകളിൽ സുസ്ഥിര വികസന മാതൃകകൾ പിന്തുടരണം. ഐ.ടി. രംഗത്ത് നൈപുണ്യം സിദ്ധിച്ച 10 ലക്ഷം യുവാക്കളെ വാർത്തെടുക്കുക, അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകളിൽ രണ്ട് ലക്ഷം പേർക്ക് തൊഴിൽ എന്നിവ സാധ്യമാകുന്ന വിധത്തിൽ, വ്യത്യസ്തങ്ങളായ സ്ഥാപനങ്ങൾക്ക് രൂപം നൽകാനാകണം. കേരള ഫ്യൂച്ചർ ടെക്നോളജി മിഷൻ, കേരള സെമികോൺ മിഷൻ, കേരള എ.ഐ. മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രൂപം നൽകണമെന്ന നിർദ്ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെമികണ്ടക്ടർ മേഖലയിലെ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താൻ ഈ മേഖലയിലെ ഗവേഷണത്തിന് പ്രാധാന്യം നൽകണം. കൊച്ചിയിലെ മേക്കർ വില്ലേജ്, രാജ്യത്ത് തന്നെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യുബേറ്ററായി മാറി. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി, മേക്കർ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നൽകും. നിർമ്മിത ബുദ്ധി മേഖലയിൽ, സംസ്ഥാനത്തെ ആഗോള ശ്രദ്ധാ കേന്ദ്രമാക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. തനത് സാങ്കേതിക വിദ്യകളും, നിർമ്മിത ബുദ്ധിയും ഉപയോഗിച്ച് സർക്കാർ സേവനങ്ങളും, ഭരണനിർവഹണവും ജനങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജന പ്രദമാക്കാമെന്നും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *