Feature NewsNewsPopular NewsRecent News

ഓരോ വീട്ടിലും സർക്കാർ ജോലി, സ്ത്രീകൾക്ക് പണം നൽകുന്ന പദ്ധതി; പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം

ന്യൂഡൽഹി: എൻഡിഎ സഖ്യത്തെ വിമർശിച്ച് മഹാസഖ്യം. ദീർഘവീക്ഷണം ഇല്ലാത്ത നേതാക്കളാണ് എൻഡിഎ സഖ്യത്തിലുള്ളത്. നിതീഷ് കുമാറിനെ വെച്ച് ബിജെപി അധികാരം കൈയാളുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. എൻഡിഎയുടെ ഔദ്യോഗിക വാർത്താസമ്മേളനങ്ങളിലൊന്നും നിതീഷ് കുമാറിനെ പറ്റി പരാമർശിച്ചിട്ടല്ലെന്നും മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നത് അമിത് ഷായാണെന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. മഹാ സഖ്യത്തിൻ്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുന്നതിനിടയിലാണ് പരാമർശം.

അതേസമയം, ഓരോ വീട്ടിലും ഒരു സർക്കാർ ജോലി, കൂടുതൽ തൊഴിൽ അവസരങ്ങൾ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങി വമ്പൻ വാഗ്ദ‌ാനങ്ങൾ ആണ് മഹാസഖ്യം നൽകുന്നത്. തേജസ്വി പ്രീൺ എന്ന പേരിലാണ് പ്രഖ്യാപനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. നാളെ രാഹുൽ ഗാന്ധികൂടി പ്രചരണത്തിനായി എത്തുന്നതോടെ തെരഞ്ഞെടുപ്പ് കളം പിടിക്കുകയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം.

ജനകീയ പ്രഖ്യാപനങ്ങളിലൂടെ വോട്ട് ഉറപ്പിക്കാൻ ആണ് മഹാ സഖ്യത്തിൻ്റെ നീക്കം. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന പദ്ധതികൾ ഉൾപ്പെടെയുള്ളവയാണ് പ്രഖ്യാപനങ്ങൾ. ബീഹാറിൽ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിനെ ബിജെപി പുറത്താക്കുമെന്ന് നേതാവ് തേജസ്വി യാദവ് പറഞ്ഞു.

നാളെ രാഹുൽ ഗാന്ധിയും മറ്റന്നാൾ പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് കളത്തിലേക്ക് എത്തുന്നതോടെ പോരാട്ടം കനക്കും. അതിനിടെ ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോറിന് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പിഴവെന്നാണ് പ്രശാന്ത് കിഷോറിൻ്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *