Event More NewsFeature NewsNewsPoliticsPopular NewsRecent News

ധർമസ്ഥല കൂട്ടക്കൊലക്കേസ്: തെളിവില്ലാതെ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി എസ്ഐടി

മംഗളൂരു: ധർമസ്ഥലയിൽ കൂട്ടക്കൊല നടന്നുവെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ തെളിയിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി എസ്ഐടി. ജുലൈ 19ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഡോ. പ്രണബ്‌കുമാർ മൊഹന്തിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിന്മാറുന്നത്.

ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ താൻ സംസ്‌കരിച്ചു എന്നായിരുന്നു മാണ്ഡ്യ സ്വദേശി സി,എൻ ചിന്നയ്യ പരാതി നൽകിയത്. നിർബന്ധത്തിന് വഴങ്ങി ചെയ്‌ത കൂട്ട ശവസംസ്കാരത്തിൻ്റെ ഓർമ്മകൾ വേട്ടയാടുന്നതിനാലാണ് പരാതിയുമായി രംഗത്ത് വന്നതെന്നും ചിന്നയ്യ പറഞ്ഞിരുന്നു.

ചിന്നയ്യ ചൂണ്ടിക്കാട്ടിയ 18 ഓളം ശവസംസ്‌കാര സ്ഥലങ്ങൾ എസ്ഐടി പരിശോധിച്ചു. ഇവിടെ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്‌ടങ്ങളുടെ ഫോറൻസിക്, ഡിഎൻഎ വിശകലന നടപടികൾ തുടരുകയാണ്. എന്നാൽ നേത്രാവതി കടവിന് സമീപം നിന്ന് കണ്ടെടുത്ത അവശിഷ്ട‌ങ്ങളെക്കുറിച്ചുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) റിപ്പോർട്ട് പരാതിക്കാരന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി പുരുഷന്മാരുടേതാണെന്നാണ് കണ്ടെത്തിയത്. ബംഗ്ലഗുസ്സെയിൽ നിന്ന് കുഴിച്ചെടുത്ത അഞ്ച് തലയോട്ടികളുടെ ഫലങ്ങൾക്കായി എസ്ഐടി കാത്തിരിക്കുകയാണ്.

2003-ൽ ധർമ്മസ്ഥല സന്ദർശിച്ച ശേഷം തന്റെ മകളെ കാണാതായെന്ന് കേസിലെ മറ്റൊരു പരാതിക്കാരിയായ സുജാത ഭട്ട് ആരോപിച്ചിരുന്നു. പിന്നീട് അവർ തൻ്റെ മൊഴി പിൻവലിക്കുകയും തനിക്ക് മകളില്ലെന്നും മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങി തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നെന്നും സമ്മതിച്ചു. തെളിവായി ചിന്നയ്യ ധർമ്മസ്ഥലയിൽ നിന്ന് പുറത്തെടുത്തത് എന്ന് അവകാശപ്പെട്ട തലയോട്ടി കൈമാറിയിരുന്നു. ഇത് വർഷങ്ങൾ പഴക്കമുള്ളതും 2012ൽ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിയുസി വിദ്യാർഥിനി സൗജന്യയുടെ മാതൃസഹോദരൻ കൈമാറിയതാണെന്നും കണ്ടെത്തി.

തെറ്റായ വിവരങ്ങൾ നൽകിയ ചിന്നയ്യയെ പ്രതിയാക്കി കേസെടുത്ത എസ്ഐടി അയാൾക്കുള്ള സുരക്ഷ പിൻവലിച്ചു. അറസ്റ്റിലായ ചിന്നയ്യ ഇപ്പോൾ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *