വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നു’; തെരുവുനായ വിഷയത്തില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവ് നായ്ക്കളുടെ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. തെരുവുനായ ആക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നതിന് ഇടയാക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത, പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് ഹാജരാകണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട സ്വമേധയാ ഉള്ള കേസ് കേള്‍ക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്.
ഓഗസ്റ്റ് 22 ലെ സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളും മാത്രമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങുന്ന മൂന്ന് ജഡ്ജിമാരുടെ പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും തെരുവുനായ വിഷയത്തില്‍ കക്ഷി ചേര്‍ക്കണമെന്ന് ഓഗസ്റ്റ് 22ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയില്‍ ഷെല്‍ട്ടറുകളിലേക്കു മാറ്റിയ തെരുവുനായ്ക്കളെ വാക്‌സിനേഷന്‍ നല്‍കുകയും വന്ധ്യംകരണം നടത്തുകയും വിരമരുന്ന് നല്‍കുകയും ചെയ്ത ശേഷം ഷെല്‍ട്ടറുകളില്‍ നിന്ന് വിട്ടയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
”തെരുവു നായ ആക്രമണം തുടര്‍ച്ചയായി നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ കണ്ണില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിഞ്ഞു. ഞങ്ങള്‍ വാര്‍ത്താ റിപ്പോര്‍ട്ടുകളും വായിക്കുന്നുണ്ട്, ജസ്റ്റിസ് നാഥ് പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക് ദവേയോട് ജസ്റ്റിസ് നാഥ് പ്രത്യേകം എടുത്തു ചോദിക്കുകയും ചെയ്തു.
