വിതരണക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് നേരിട്ട് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള നീക്കം വേഗത്തിലാക്കി ആരോഗ്യ വകുപ്പ്. കെഎംഎസ്‌സിഎൽ വഴിയാണ് ഉപകരണങ്ങൾ വാങ്ങുക.
കരാർ വിളിച്ച് റണ്ണിങ് കോൺട്രാക്ട് അടിസ്ഥാനത്തിൽ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളെ പ്രതിസന്ധിയിൽ ആക്കിയ വിതരണക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് കെ.എം.എസ്.സി.എൽ വഴി ഉപകരണങ്ങൾ നേരിട്ട് എത്തിക്കാനാണ് ശ്രമം.
വിതരണക്കാർ അജണ്ട നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിനെ കുടിശ്ശികയുടെ പേരിൽ പ്രതിസന്ധിയിലാക്കയതെന്ന് മന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് വിതരണക്കാരെ ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അതേസമയം നേരിട്ട് ഉപകരണങ്ങൾ വാങ്ങുന്നതിൽ വിതരണക്കാർ തുരങ്കം വെക്കുമോ എന്ന ആശങ്കയും ആരോഗ്യവകുപ്പിന് ഉണ്ട്. ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയില്ല എന്നാണ് വിതരണക്കാരുടെ പക്ഷം. എല്ലാ നിയമവഴികളും തേടി മുന്നോട്ടുപോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിതരണക്കാർക്ക് നൽകാനുള്ള കുടിശിക തുക ഉടൻ പൂർണമായി നൽകുമെന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു
