കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങാൻ സുരേഷ് ഗോപി; നിവേദനം നൽകാൻ ശ്രമിച്ച് മധ്യവയസ്കൻ; പിടിച്ചുമാറ്റി BJP പ്രവർത്തകർ
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ അപേക്ഷ നൽകാൻ എത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുമ്പോൾ ആയിരുന്നു സംഭവം.
കാറിന് പിന്നാലെ ഓടി അപേക്ഷ നൽകാൻ ശ്രമിച്ച കല്ലാടംപൊയ്ക സ്വദേശി ഷാജിയെയാണ് ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റിയത്. വാഹനത്തിനടുത്തേക്ക് ഓടി എത്തിയ ഇദ്ദേഹം സുരേഷ് ഗോപി ഇരിക്കുന്ന സൈഡിലെ ഡോർ തട്ടുന്നുണ്ട്. ശേഷം വാഹനം നിർത്തി. ഇതിനിടെയാണ് പ്രവർത്തകർ ബലംപ്രയോഗിച്ച് ഇയാളെ പിന്തിരിപ്പിച്ചത്.
സുരേഷ് ഗോപിയുടെ ജനസമ്പർക്ക പരിപാടിയായ കലുങ്ക് സംവാദത്തിൽ നേരത്തെയും നിരവധി പ്രശ്‌നങ്ങൾ ഉയർന്നിരുന്നു. തൃശുരിലെ പരിപാടിയിൽ പരാതി നൽകാനെത്തിയ വയോധികന്റെ പരാതി സുരേഷ് ഗോപി സ്വീകരിക്കാതിരിക്കുകയും അതൊന്നും എംപിയുടെ ജോലിയല്ല പോയി പഞ്ചായത്തില്ർ പറയ് എന്ന് പറഞ്ഞതും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചെടുക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയ വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കൂവെന്ന് മറുപടി നൽകിയതും ജനങ്ങളെ പ്രജകളെന്ന് വിളിച്ചതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു
