Event More NewsFeature NewsNewsPoliticsPopular NewsRecent News

‘ഇത് വെറും വ്യാജ മരുന്ന് വിൽപനയല്ല; വിനാശകരമായ പ്രത്യാഘാതങ്ങളുള്ള ഒരു കുറ്റകൃത്യമാണ്’; വിഷം കലർന്ന ചുമ മരുന്നുകളുടെ വിൽപനയിൽ ഇന്ത്യയോട് ലോകാരോഗ്യ സംഘടന

യുനൈറ്റഡ് നാഷൻസ്: 24 കുട്ടികളുടെ മരണത്തിനു പിന്നാലെ വിഷം കലർന്ന ചുമ മരുന്നുകൾ കൂടുതൽ വിൽക്കാതിരിക്കാനുള്ള നടപടികൾ കൈകൊള്ളാൻ ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇന്ത്യൻ കമ്പനിയായ ‘സ്രേശൻ’ ഫാർമ നിർമിച്ച ‘കോൾഡ്രിഫ്’ സിറപ്പിൽ അനുവദനീയമായതിൻ് 500 മടങ്ങ് ‘ഡൈഎഥിലീൻ ഗ്ലൈക്കോൾ’ അടങ്ങിയിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ വിഷവസ്തു അടങ്ങിയ, ഇന്ത്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള സിറപ്പ് കഴിച്ച് ലോകത്താകമാനം 300 റോളം കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇതിനെതിരായ വ്യവസ്ഥകൾ കർശനമാക്കുമെന്ന് ആഗോളതലത്തിൽ പ്രതിജ്ഞയെടുത്ത് വെറും രണ്ട് വർഷത്തിന് ശേഷമാണ് പുതിയ മരണങ്ങൾ.ആ സമയത്ത് ഇന്ത്യ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നുവെന്നും കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ഡൈഎഥിലീൻ, എഥിലീൻ ഗ്ലൈക്കോൾ പോലുള്ള വിഷ പദാർഥങ്ങൾ കണ്ടെത്താൻ മരുന്നുകൾ പരിശോധിക്കണമെന്ന പുതിയ ഇന്ത്യൻ നിയമത്തെ പരാമർശിച്ചുകൊണ്ട് ഉദ്യോഗസ്ഥനായ റുട്ടെൻഡോ കുവാന പറഞ്ഞു. എന്നാൽ, ഇന്ത്യക്കകത്ത് വിൽക്കുന്ന സിറപ്പുകൾക്ക് അത്തരമൊരു നിയമം നിലവിലില്ലെന്ന അപടവും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചു.

ഇത് വെറും വ്യാജ മരുന്ന് വിൽപനയല്ല. മറിച്ച് ധാർമിക പ്രശ്നമാണ്. നിങ്ങൾ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ അത് കുറ്റകരമാണ്. കാരണം ഇതിന് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടെന്നും നിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ ഉൾപ്പെടുന്ന സംഭവങ്ങൾക്കുള്ള ഡബ്ല്യു.എച്ച്.യുടെ ടീം ലീഡർ കൂടിയായ കുവാന കൂട്ടിച്ചേർത്തു. ഇതിൽ ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പതിനായിരക്കണക്കിന് നിർമാതാക്കളും നിരവധി രാജ്യങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വലിയ വിപണിയാണിതെന്നും കുവാന കൂട്ടിച്ചേർത്തു

അയൽരാജ്യമായ പാകിസ്‌താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോകാരോഗ്യ സംഘടനയുടെ മരുന്നുകളിലെ വിഷാംശം പരിശോധിക്കുന്നതിനുള്ള പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പുതിയതും ചെലവ് കുറഞ്ഞതുമായ ഒരു പരിശോധന അവർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും കുവാന പറഞ്ഞു. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ അതിൽ പങ്കെടുത്തില്ല. നിരുത്തവരാദപരമായി സമീപിച്ചു. ഇത് വലിയ നിരാശയാണ് നൽകിയതെന്നും വിദേശത്ത് മരണങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ ആരെയും ജയിലിലടച്ചതായി രേഖകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്പനികൾ അവരുടെ സൗകര്യങ്ങൾ ഒരു വർഷാവസാന സമയപരിധിക്കുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തുകഴിഞ്ഞാൽ ഇന്ത്യ അതിന്റെ പുതിയ കയറ്റുമതി നിയമം നിർത്തലാക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ആഴ്‌ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയവും ഫെഡറൽ ഫാർമസ്യൂട്ടിക്കൽസ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *