ലോക കാർഷിക-വനവത്കരണ സമ്മേളനം:കേരള കാർഷിക സർവകലാശാല പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും
കല്‍പ്പറ്റ: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ കിഗാലിയില്‍ നടക്കുന്ന ലോക കാര്‍ഷിക-വനവത്കരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ വനശാസ്ത്ര കോളജില്‍ നിന്നുള്ള ഗവേഷക സംഘവും.കാര്‍ഷിക വനവത്കരണവുമായി ബന്ധപ്പെട്ട് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളും പ്രായോഗിക സാധ്യതകളും അന്താരാഷ്ട്ര ഗവേഷകരുടെ മുന്നില്‍ ഇവര്‍ അവതരിപ്പിക്കും.20ന് ആരംഭിച്ച സമ്മേളനത്തിന് 24നാണ് സമാപനം. കാര്‍ഷിക സര്‍വലാശാല ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷനും സില്‍വികള്‍ച്ചര്‍ ആന്‍ഡ് അഗ്രോഫോറസ്ട്രി വിഭാഗം മേധാവിയുമായ ഡോ.ടി.കെ. കുഞ്ഞാമു, കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് അംഗവും ഫോറസ്റ്റ് ബയോളജി ആന്‍ഡ് ട്രീ ഇംപ്രൂവ്മെന്റ് വിഭാഗം മേധാവിയുമായ ഡോ.എ.വി. സന്തോഷ്‌കുമാര്‍, സില്‍വികള്‍ച്ചര്‍ ആന്‍ഡ് അഗ്രോഫോറസ്ട്രി വിഭാഗം പ്രഫസറും ഓള്‍ ഇന്ത്യ കോഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്ട് ഓണ്‍ അഗ്രോഫോറസ്ട്രി ഇന്‍ ചാര്‍ജുമായ ഡോ.വി. ജമാലുദ്ദീന്‍, അസിസ്റ്റന്റ് പ്രഫസര്‍ പി. നിയാസ്, ഗവേഷകരായ ഡോ.സുസ്മിത ശില്‍, എല്‍ദോസ് ജോര്‍ജ്, സജിത സിറില്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന് അനുസൃതമായ കാര്‍ഷിക സമ്പ്രദായങ്ങള്‍, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത, ഏകോപിത കാര്‍ഷിക വ്യവസ്ഥ എന്നിവയാണ് ലോകസമ്മേളനത്തിന്റെ കേന്ദ്രീയ വിഷയങ്ങള്‍. ‘കാര്‍ഷിക വനവത്കരണം ജനങ്ങള്‍ക്കും ഭൂമിക്കും ലാഭത്തിനും വേണ്ടി’ എന്ന സന്ദേശമാണ് സമ്മേളനം നല്‍കുന്നത്
