ഡൽഹിയിൽവായുമലിനീകരണംഅതീവഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതരാവസ്ഥയിൽ. വായു ഗുണ നിലവാര സൂചിക വളരെ മോശം വിഭാഗത്തിൽ തുടരുന്നു.ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്. മലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുകയാണ് ഡൽഹി സർക്കാർ. ഈ മാസം 24,26 തീയതികൾക്കിടയിൽ കൃത്രിമ മഴ പെയ്യിക്കാൻ ആണ് സർക്കാറിന്റെ നീക്കം. അതേസമയം, മലിനീകരണം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയാണ്. എല്ലാവരും മാസ്ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശിച്ചു.
മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങൾ’ ഉപയോഗിക്കണമെന്ന നിർദേശം ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പലയിടത്തും പാലിക്കപ്പെട്ടില്ല. കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നു. കുട്ടികൾക്കായുള്ള ഏറു പടക്കങ്ങൾ മുതൽ വിദേശനിർമ്മിത വെറൈറ്റികളും സുലഭമായി വിറ്റിരുന്നു. കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡൽഹിയുടെ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കിയതെന്നാണ് ഉയരുന്ന വിമർശനം. വർഷം തോറും ദീപാവലിക്ക് മുമ്പും ശേഷവും ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്.
മോശം വായുവിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കാലക്രമേണ ശ്വാസകോശ ശേഷി കുറയ്ക്കുകയും, വിട്ടുമാറാത്ത ശ്വസന സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും, അണുബാധകൾക്കെതിരായ ആളുകളുടെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ഇതിന് പുറമെ ശ്വാസതടസ്സം, ശ്വാസംമുട്ടൽ, നിർത്താത്ത ചുമ എന്നിവയുമുണ്ടാക്കും. ആരോഗ്യമുള്ളവർക്ക് പോലും ദീർഘനേരം വായു സമ്പർക്കം പുലർത്തിയാൽ തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ പുറത്തേക്ക് പോകുമ്പോൾ N95 അല്ലെങ്കിൽ N99 മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം.