രാജ്യത്തെ ഏറ്റവും വലിയ ഭൂമി വില്പന, ലുലു ഗ്രൂപ്പിൽ നിന്നും സർക്കാർ ഖജനാവിലേക്ക് സ്റ്റാമ്പ് ഡ്യൂട്ടിയായി എത്തിയത് 31 കോടി രൂപ
അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗറിലെ ചന്ദ്ഖേഡയിൽ ലുലു ഗ്രൂപ്പ് നടത്തിയ ഭൂമിയിടപാട് അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി വിൽപ്പനയായി മാറി. 519.41 കോടി രൂപയ്ക്ക് 16.35 ഏക്കർ (66,168 ചതുരശ്ര മീറ്റർ) ഭൂമിയാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. ലുലുവിന്‍റെ ഒറ്റ ഇടപാടിലൂടെ അക്ഷരാർത്ഥത്തിൽ ബമ്പറടിച്ചത് സർക്കാരിനാണ്. ഈ ഒറ്റ ഇടപാടിലൂടെ സർക്കാരിന് 31 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വരുമാനമാണ് ലഭിച്ചത്. ഇത് അഹമ്മദാബാദിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന മുദ്രപത്ര വരുമാനമെന്ന റെക്കോർഡും സ്വന്തമാക്കി. സബർമതി സബ്-രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഈ വിൽപ്പന, തുകയുടെയും സ്റ്റാമ്പ് ഡ്യൂട്ടിയുടെയും കാര്യത്തിൽ അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാടാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ലീസല്ല, നേരിട്ടുള്ള വിൽപ്പന
2024 ജൂൺ 18 ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ലേലത്തിലൂടെയാണ് ലുലു ഈ ഭൂമി വാങ്ങിയത്. ചതുരശ്ര മീറ്ററിന് 78,500 രൂപ നിരക്കിൽ വാങ്ങിയ ഈ ഭൂമി, 99 വർഷത്തെ ലീസിന് പകരം നേരിട്ടുള്ള വിൽപ്പനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ടൗൺ പ്ലാനിങ് സ്കീമിന്റെ ചട്ടങ്ങൾ പാലിച്ച് നടന്ന ഈ വിൽപ്പന, നഗരത്തിലേക്ക് വലിയ നിക്ഷേപം ആകർഷിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു
ഇതിനുമുമ്പ് 300 ഉം 400 ഉം കോടികളുടെ ഭൂമി ഇടപാടുകൾ അഹമ്മദാബാദ് നഗരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, 500 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാട് ഇതാദ്യമാണെന്നും ഉദ്യോഗസ്ഥർ വിവരിച്ചു.
അഹമ്മദാബാദിൽ വലിയ പ്രതീക്ഷ
ഈ ഭൂമിയിടപാടിലൂടെ ഗുജറാത്തിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എസ് പി റിങ് റോഡിനോട് ചേർന്നുള്ള ഈ സ്ഥലം, വലിയ പദ്ധതികൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ്. മികച്ച കണക്റ്റിവിറ്റിയും ഹൈവേ സൗകര്യങ്ങളും വാണിജ്യ സാധ്യതകളുടെ അനന്തമായ ലോകമാണ് തുറന്നിടുന്നത്. ലുലു ഗ്രൂപ്പ് ഇവിടെ ഒരു വൻകിട മാൾ, ഹൈപ്പർമാർക്കറ്റ്, മറ്റ് വാണിജ്യ സംരംഭങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ ഉൾപ്പെടുന്ന ഈ സ്ഥലം, ലുലുവിന്റെ ഗുജറാത്തിലെ വാണിജ്യ വിപുലീകരണ പദ്ധതികൾക്ക് തന്ത്രപ്രധാനമായ പ്രാധാന്യം നൽകുന്നതാണ്. ലുലു ഗ്രൂപ്പിന്‍റെ വമ്പൻ മാൾ വരുന്നത് അഹമ്മദാബാദിന്റെ സാമ്പത്തിക വളർച്ചയ്ക്കും വാണിജ്യ വികസനത്തിനും വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ലുലുവിന്റെ ഈ നീക്കം, ഗുജറാത്തിന്റെ വ്യാപാര-വാണിജ്യ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്ത് പകരുകയും ചെയ്യുമെന്നുറപ്പാണ്. റെക്കോർഡ് ഭൂമിയിടപാടിലൂടെ, അഹമ്മദാബാദിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായി ‘ലുലു’ ഉയരുമെന്ന പ്രതീക്ഷയും പകരുന്നു.