പിഎം ശ്രീയിൽ പിന്നോട്ടില്ല; പദ്ധതിയിൽ ചേരാനുള്ള നിലപാടിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള നിലപാടിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര നിബന്ധനകൾ അംഗീകരിച്ച് മറ്റു വകുപ്പുകളും പദ്ധതികൾ നടത്തുന്നുണ്ട്. കേന്ദ്രവിഹിതം വെറുതെ കളയാൻ കഴിയില്ലെന്നും അത് കുട്ടികളോട് ചെയ്യുന്ന തെറ്റാകുമെന്നുമാണ് മന്ത്രിയുടെ നിലപാട്. വിഷയം നാളെ മന്ത്രിസഭായോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നിലപാടും വിദ്യാഭ്യാസ വകുപ്പിന് അനുകൂലമാണ്.
പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകുന്നതിൽ വിമർശിച്ച് സിപിഐക്ക് പിന്നാലെ പാർട്ടിയുടെ വിദ്യാർഥി വിഭാഗവും രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് തുറന്ന കത്ത് എഴുതി എഐഎസ്എഫ് തങ്ങളുടെ വിമർശനം അറിയിച്ചത്. പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകേണ്ടെന്നാണ് എഐഎസ്എഫിന്റെ നിലപാട്. ആർഎസ്എസിൻ്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തിൽ എഐഎസ്എഫ് വിമർശിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്ര നീക്കമെന്നും കത്തിൽ പറയുന്നു.
അതേസമയം, പിഎം ശ്രീയെ അനുകൂലിച്ച് ഡിവൈഎഫ്ഐ. വിദ്യാർഥികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയാണെന്നും ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് പറഞ്ഞു. വിഷയത്തിൽ സിപിഐ എതിർപ്പിനെ കുറിച്ച് അറിയില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഡിവൈഎഫ്ഐ നിലപാടിൽ മാറ്റമില്ല.