ലഹരിക്ക് അടിമയായ യുവാവിനെ പുനരധിവസിപ്പിച്ച് ഹൈക്കോടതി; പഠിക്കാനുള്ള സീറ്റും 91,000 രൂപ ഫീസും നല്‍കി
കൊച്ചി: ലഹരിക്ക് അടിമയായ യുവാവിന് പഠനത്തിന് സീറ്റ് ലഭിക്കാന്‍ സഹായിച്ച് ഹൈക്കോടതി. കോഴ്‌സിനുള്ള ഫീസായ 91,000 രൂപയും കോടതി സംഘടിപ്പിച്ചു നല്‍കി. ലഹരിക്ക് അടിമകളായവരെ ശിക്ഷിക്കുന്നതിനുപകരം അവരെ സമൂഹത്തിലേക്ക് പുനഃസ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും ഹരിശങ്കര്‍ വി മേനോനും പറഞ്ഞു. ലഹരിയുടെ സ്വാധീനത്തില്‍ സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത ഒരു യുവാവിന്റെ കാര്യവും വാദം കേള്‍ക്കലിനിടെ കോടതി പരാമര്‍ശിച്ചു.അത്തരം കേസുകളില്‍ പോലും, കുറ്റാരോപിതന്റെ പരിഷ്‌കരണത്തിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ”നമ്മള്‍ അവരെ പരിഷ്‌കരിക്കണം. അതാണ് പുതിയ രീതി.”- ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു.
ലഹരി ഉപയോഗം മൂലമുണ്ടാവുന്ന ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ തന്റെ മകനുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ പിതാവ് നല്‍കിയാണ് ഹരജി കോടതി പരിഗണിച്ചത്. അതിന്റെ ചികില്‍സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു ലഹരിക്കേസില്‍ പ്രതിയായത്. അപ്പോള്‍ ചികില്‍സ രണ്ടാം മാസത്തിലായിരുന്നു. പോലിസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ യുവാവ് മരുന്നു കഴിച്ചില്ല. ജാമ്യത്തില്‍ ഇറങ്ങിയപ്പോഴും മരുന്നു കഴിച്ചില്ലെന്നും പിതാവ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് യുവാവിനെ സര്‍ക്കാരിന് കീഴിലുള്ള മാനസിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചികില്‍സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കോടതിയിലേക്ക് വിളിച്ചുവരുത്തി. ഭാവി പദ്ധതികളെ കുറിച്ച് സംസാരിച്ചപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐടിഐ) ഒരു കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാവ് കോടതിയെ അറിയിച്ചു. ആലുവയിലെ സോഷ്യല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുവാവിന് പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന് അമിക്കസ് ക്യൂറി, അഭിഭാഷകന്‍ വി രാംകുമാര്‍ നമ്പ്യാര്‍ കോടതിയെ അറിയിച്ചു.
എന്നിരുന്നാലും, കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞിരുന്നു. തുടര്‍ന്ന് കോടതി സ്വമേധയാ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗിനെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിച്ച് കട്ട് ഓഫ് തീയതി നീട്ടുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ അത് സമ്മതിക്കുകയും യുവാവിനെ പഠിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ജോണ്‍ എസ് റാല്‍ഫാണ് ഫീസിന്റെ ആദ്യഘഡുവായ 25,000 രൂപ നല്‍കിയത്. എന്നിരുന്നാലും മറ്റൊരു കേസിലെ ഹരജിക്കാരനില്‍ നിന്നും ഈടാക്കിയ പിഴയില്‍ നിന്നും തുക കോടതി കണ്ടെത്തി. അങ്ങനെയാണ് മൊത്തം 91,000 രൂപ ഫീസായി നല്‍കിയത്.
യുവാവിന്റെ പുരോഗതി പരിശോധിക്കാനും കോടതി തീരുമാനിച്ചു. അതിനായി അമിക്കസ് ക്യൂറി രണ്ടുമാസത്തില്‍ ഒരിക്കല്‍ യുവാവുമായി കൂടിക്കാഴ്ച നടത്തണം. അതിന്റെ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. ഹരജിക്കാരന് വേണ്ടി ജോണ്‍ എസ് റാല്‍ഫിന് പുറമെ വിഷ്ണു ചന്ദ്രന്‍, റാല്‍ഫ് റെറ്റി ജോണ്‍, ഗിരിധര്‍ കൃഷ്ണ കുമാര്‍, ടി എ ഗീതു, മേരി ഗ്രീഷ്മ, ലിസ് ജോണി, കൃഷ്ണപ്രിയ ശ്രീകുമാര്‍ എന്നിവരും ഹാജരായി.