ഡോക്ടറുടെ കുറിപ്പടി വേണ്ട, ഏത് മരുന്നും എത്തിച്ചുതരും കൊച്ചിയിലെ മരുന്ന് ലോബി
ഡോക്ടേഴ്‌സിന്റെ പ്രിസ്‌ക്രിപ്ഷനില്ലാതെ കൊച്ചിയില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ സുലഭം. അപകടകരമായ ഗര്‍ഭഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന അനധികൃത മരുന്ന് ലോബി കുടുങ്ങി. ഏജന്റുമാരെ ബന്ധപ്പെട്ടാല്‍ ഏത് പ്രായക്കാര്‍ക്കും മരുന്നുകള്‍ യഥേഷ്ടം ലഭ്യമാകും. കൃത്യമായ അനുപാതത്തില്‍ അല്ലെങ്കില്‍ രോഗികളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ നല്‍കുന്നതെന്നാണ് ലേക്ഷോര്‍ ആശുപത്രിയിലെ ഗൈനകോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ സ്മിത ജോയ് നല്‍കുന്ന മുന്നറിയിപ്പ്.
ഡോക്ടറേയും കാണേണ്ട, പ്രിസ്‌ക്രിപ്ഷനും വേണ്ട ഒരൊറ്റ ഫോണ്‍കോളില്‍ ഏത് മരുന്നും കിട്ടുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഒരു കോള്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് മതി മരുന്ന് കിട്ടാന്‍. അളവ് ഒന്ന് മാറിയാല്‍ ജീവനെടുക്കുന്ന ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് പോലും ഈ കോളിന്റെ മറുതലയ്ക്കല്‍ റെഡിയെന്ന് കസ്റ്റമറെന്ന് പറഞ്ഞ് ഈ നമ്പരില്‍ വിളിച്ചപ്പോള്‍ ബോധ്യമായി. മെഡിക്കല്‍ ഷോപ്പുകളില്‍ 350 രൂപയ്ക്ക് കിട്ടുന്ന മരുന്നിന് പത്തിരട്ടി വില കൊടുക്കണമെന്ന് മാത്രം. 350 രൂപയുടെ മരുന്ന് 3000 രൂപയ്ക്ക് എന്തിന് വില്‍ക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ വില്‍പ്പനയെല്ലാം ബ്ലാക് മാര്‍ക്കറ്റ് വഴിയെന്നായിരുന്നു മരുന്നു ലോബിയുടെ ഉത്തരം.
നമ്മള്‍ കരുതുന്നതിലും വലുതാണ് ഈ വല. അനധികൃത മരുന്ന ലോബിയുടെ നെറ്വര്‍ക്ക് കൊച്ചിയും കടന്ന് സമീപ ജില്ലകളിലും വ്യാപിച്ചിരിക്കുന്നു എന്നാണ് വിവരം. കൊച്ചിയിലെ ചില മെഡിക്കല്‍ ഷോപ്പുകള്‍ ഈ വലയിലെ കണ്ണികള്‍ ആണെന്നതും ഞെട്ടിക്കുന്നു. മരുന്ന് തരും. പക്ഷെ ബില്ലുണ്ടാകില്ല. ബില്ല് വേണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ തന്നത് വിചിത്രമായ ഒരു ചിത്രമായിരുന്നു. ബില്ലിന്റേതെന്ന് തോന്നിക്കുന്ന ചിത്രത്തില്‍ മനപ്പൂര്‍വം തെറ്റിച്ച് പേര് എഴുതിയാണ് തന്നത്. ഡോക്ടറുടെ പേരും ഇതേ ബില്ലില്‍ അവ്യക്തമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അശാസ്ത്രീയ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വന്‍ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ അശാസ്ത്രീയതയില്‍ കുടുങ്ങി അപകടകരമായ നിലയില്‍ ചികിത്സാ തേടി എത്തുന്നവരില്‍ ഏറെയും ഈ മരുന്ന് ലോബിയുടെ ഇരകളാണ് എന്നതാണ് സത്യം.