നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനറും സിക്കിൾ സെൽ ബ്ലോക്കും ഉദ്ഘാടനം ചെയ്തു
നൂൽപ്പുഴ: നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക റോബോട്ടിക് ഗെയിറ്റ് ട്രെയിനറും സിക്കിൾ ആന്റ് പാലിയേറ്റീവ് ബ്ലോക്കും ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്‌തു. മസ്‌തിഷാകാഘാതവും അപകടങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് ശരീരം തളർന്നുപോകുന്നവർക്ക് ഫിസിയോതെറാപ്പി ചികിത്സയിലൂടെ എഴുന്നേറ്റ് നിൽക്കാനും നടക്കാനും പരിശീലനം നൽകുന്നതിനുള്ള സംവിധാനമാണ് നൂൽപ്പുഴയിൽ സ്ഥാപിച്ച ജിഗെയ്റ്റർ. വയനാട് പാക്കേജിൽ നിന്ന് രണ്ടര കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. രാജ്യത്തുതന്നെ ഇതാദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈ സംവിധാനം സ്ഥാപിക്കുന്നത്.
ആരോഗ്യ മേഖലയിൽ വയനാടിന്റെ ചിരകാല സ്വപ്‌പ്നങ്ങൾ സർക്കാർ സാക്ഷാത്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ കഴിയുന്ന സംവിധാനമാണ് നൂൽപ്പുഴയിലെ ജിഗെയ്‌റ്റർ. കേരളത്തിൽ സർക്കാർ മേഖലയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രമാണ് ഇതുവരെ റോബോട്ടിക് ഗെയിറ്റ് ട്രെയിനർ ഉണ്ടായിരുന്നത്. അരിവാൾകോശ രോഗികൾക്കായുള്ള വാർഡും പെയിൻ ആന്റ് റിഹാബിലിറ്റേഷൻ സെൻ്ററും ഉൾപ്പെട്ട പുതിയ കെട്ടിടവും ആശുപത്രിയിലെ ഓഡിയോളജി വിഭാഗവും കല്ലൂർ തേലംമ്പറ്റ ആയുഷ്‌മാൻ ആരോഗ്യ മന്ദിറും മന്ത്രി ഉദ്ഘാടനം ചെയ്‌തു. പുതിയ സിക്കിൾ സെൽ ബ്ലോക്കിൽ 10 കിടക്കകളുള്ള റിഹാബ് സെന്ററും കൺസൾട്ടിങ് സെൻ്ററുകളും ഫിസിയോതെറാപ്പി, സ്!പീച്ച് തെറാപ്പി മുറികളും വാർഡുകളുമാണുള്ളത്.
ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ്, അസിസ്റ്റന്റ് കളക്‌ടർ പി.പി അർച്ചന, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈദലവി, നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എ ഉസ്‌മാൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഓമന പങ്കളം, മിനി സതീശൻ, അനിൽ എം.സി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്‌പ അനൂപ്, മണി സി ചോയിമൂല, എം.എ അസൈനാർ, നിർമിതി എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജിത്ത്, നൂൽപ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബെന്നി കൈനിക്കൽ, വാർഡ് അംഗം അനീഷ് പിലാക്കാവ്, ഐ.ഡി.ബി.ഐ ബാങ്ക് ജനറൽ മാനേജർ എം.സി സുനിൽ കുമാർ, മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ദിവ്യ എം നായർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.