Event More NewsFeature NewsNewsPoliticsPopular NewsRecent News

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വികസന സദസ്

തിരുനെല്ലി:വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത്‌ 42.41 കോടിയുടെ പ്രവൃത്തികളാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നടപ്പാക്കിയതെന്ന് വികസന സദസിൽ വിശദീകരിച്ചു. 118 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡും തിരുനെല്ലി കരസ്ഥമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ ബഡ്സ് പാരഡൈസ് സ്‌കൂളിന് സംസ്ഥാന വനിത ശിശു വികസന വകുപ്പിൻറെ ഉജ്വല ബാല്യ പുരസ്കാരം ഉൾപ്പെടെ നിരവധി ജില്ലാ-സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചു. പാലിയേറ്റീവ് കെയർ, മാലിന്യ മുക്തം പശ്ചാത്തല മേഖല എന്നീ മേഖലകളിലും മികച്ച മുന്നേറ്റമാണ് പഞ്ചായത്ത്‌ കാഴ്ച വയ്ക്കുന്നത്. എല്ലാ വർഷവും ഗോത്രഫെസ്റ്റും വിത്തുത്സവവും വിപുലമായി സംഘടിപ്പിക്കുന്നുമുണ്ട്.വികസന പദ്ധതികൾക്കുള്ള അംഗീകാരത്തിനൊപ്പം ഭാവിയിലേക്കുള്ള നിരവധി നിര്‍ദേശങ്ങളും വികസന സദസിലെ ഓപ്പൺ ഫോറത്തിൽ ഉയര്‍ന്നുവന്നു. വന്യമൃഗ പ്രതിരോധത്തിനായി ഫെൻസിങ് സൗകര്യം മെച്ചപ്പെടുത്തുക, ഷെൽട്ടർ ഹോം സ്ഥാപിക്കുക തുടങ്ങി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഓപ്പൺ ഫോറം ചര്‍ച്ച ചെയ്തു. ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ മൂല്യവർധിത പാലുൽപ്പന്നങ്ങൾ ബ്രാന്റ് ചെയ്യുക, വനവിഭവങ്ങളുടെ സംസ്കരണത്തിന് ഫാക്‌ടറി ആരംഭിക്കുക, ചെറുകിട ജലസേചന പദ്ധതികൾ ആരംഭിക്കുക, തോട്ടവിള കൃഷിക്ക് കർഷകർക്ക് സബ്‌സിഡി സഹായം, വാട്ടർഷെഡ്ഡ് മാനേജ്മെന്റ് തുടങ്ങിയ നിര്‍ദേശങ്ങളും ചർച്ചയായി. അഭ്യസ്തവിദ്യരായ ഗോത്രവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ തൊഴിലില്ലായ്‌മ,സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം എന്നിവും പ്രതിനിധികൾ ഉന്നയിച്ചു. മൃഗസംരക്ഷണമേഖലയിൽ കൂടുതൽ ഡോക്‌ടർമാരെ നിയമിക്കണം, വയോജനങ്ങൾക്ക് പകൽവീട്ടിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തണം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനം ഒരുക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും ഉയര്‍ന്നു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എ.എൻ സുശീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വൽസല കുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എൻ ഹരീന്ദ്രൻ, റുഖിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സിജിത്ത്, ബേബി മാസ്റ്റർ, പ്രഭാകരൻ, വസന്തകുമാരി, തിരുനെല്ലി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.കെ ശങ്കരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *