Event More NewsFeature NewsNewsPoliticsPopular NewsRecent News

21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം

സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ
ഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിലും സാമൂഹിക സുരക്ഷയിലും നിർണായക പങ്ക് വഹിക്കുന്ന വകുപ്പാണ് എക്‌സൈസ് വകുപ്പെന്ന് അഭിപ്രായപ്പെട്ട മന്ത്രി കലാ-കായിക രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ നയപരമായ ഉത്തരവാദിത്വമാണെന്നും കൂട്ടിച്ചേര്‍ത്തു.

മേളയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 1500ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും. ആദ്യമായാണ് സംസ്ഥാന എക്‌സൈസ് കലാ-കായിക മേള വയനാട് ജില്ലയിൽ സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന വേളയിൽ നടന്ന മാർച്ച് പാസ്റ്റിൽ 14 ജില്ലകളിൽ വയനാട് ജില്ല ഒന്നാം സ്ഥാനം നേടി. കായിക മത്സരങ്ങൾ കൽപ്പറ്റ മരവയൽ ജനചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് അരങ്ങേറുന്നത്. ഫുട്ബോൾ, കബഡി, ക്രിക്കറ്റ്, ചെസ്, ബാഡ്മിന്റൺ, വോളിബോൾ, വടംവലി എന്നിവയും വിവിധ വേദികളിലായി നടക്കും. ഒക്ടോബർ 16-ന് മലപ്പുറം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ലക്കിടിയിൽ എത്തിച്ചേരുകയും തുടര്‍ന്ന് വാദ്യമേള അകമ്പടിയോടെ വൈത്തിരി, ചുണ്ട, കൽപ്പറ്റ എന്നിവിടങ്ങളിൽ പ്രയാണം നടത്തി ഉദ്ഘാടന വേദിയിൽ എത്തുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് നടന്ന ഇരുപതാമത് മേളയിലെ വ്യക്തിഗത ചാമ്പ്യന്മാരെയും കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നേടിയവരെയും വേദിയിൽ ആദരിച്ചു. മേളയുടെ സമാപന സമ്മേളനം ഒക്ടോബർ 19 വൈകുന്നേരം മൂന്നിന് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടക്കും.

ടി.സിദ്ദീഖ് എം.എൽ.എ അധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, കൽപറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. സരോജിനി, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, അഡീഷണൽ എക്സ്സൈസ് കമ്മീഷണർ എസ്. ദേവമനോഹർ, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ, ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണറും കായികമേള സംഘാടകസമിതി ചെയർമാനുമായ എ.ജെ ഷാജി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ.എം ഫ്രാൻസിസ്, കൽപറ്റ നഗരസഭ ഡിവിഷൻ കൗൺസിലർമാരായ സി.കെ ശിവരാമൻ, എം.കെ ഷിബു, എം.ബി ബാബു, തൃശ്ശൂർ എക്സൈസ് അക്കാദമി ഡയറക്ടർ വി റോബർട്ട്, സംസ്ഥാന എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ മോഹൻ കുമാർ, സെക്രട്ടറി എം കൃഷ്ണകുമാർ, സംസ്ഥാന എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ടി സജു കുമാർ, ജനറൽ സെക്രട്ടറി കെ സന്തോഷ് കുമാർ, ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *