ഗോത്ര വർഗ്ഗ സങ്കേതങ്ങളിലെ വനിതകൾക്ക് പോത്തു വളർത്തൽ സംരംഭങ്ങളുമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളി ലെയും ഗോത്രവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോത്ത് വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ 30 ലക്ഷത്തോളംരൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റി വെച്ചിട്ടുള്ളത്. പതിനേഴായിരം രൂപ വിലമതിക്കുന്ന 171 പോത്തു കുട്ടികളെ സൗജന്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം ഗോത്രവർഗ വനിത ഗ്രൂപ്പുകൾക്ക് നൽകുന്നത്. ആദ്യഘട്ടത്തിൽ ഓരോ പോത്തു കുട്ടി വീതമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുക. മാംസോല്പാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ ഗോത്ര വർഗ്ഗ സമ്പദ്ഘടനയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. വനാതിർത്തി ഗ്രാമങ്ങളിലെ തീറ്റ വസ്തുക്കളുടെ ലഭ്യതയും ലളിതമായ സംരക്ഷണ രീതികളും ചെലവുകുറഞ്ഞ പാർപ്പിട സൗകര്യങ്ങളും പദ്ധതി നിർവഹണത്തിന് അനുകൂല ഘടകങ്ങൾ ആയതിനാൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1500 ഓളം പോത്തു കുട്ടികളെയാണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ വിതരണം ചെയ്തിട്ടുള്ളത്.പുൽപ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു
. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനാ സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ, മെമ്പർമാരായ ഉഷ ബേബി, ഉഷ സത്യൻ,
രജിത്രബാബുരാജ്, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പദ്ധതി കോ- ഓർഡിനേറ്റർ എ കെ രമേശൻ സ്വാഗതവും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ബിനോയി ജെയിംസ് നന്ദിയും പറഞ്ഞു. അസിസ്റ്റൻറ് ഫീൽഡ് ഓഫീസർമാരായ റോഷ്ന സിഡി ,ജ്യോതി രാജു, ബിന്ദു എം ആർ, ജീവനക്കാരായ വി എം ജോസഫ്, സന്തോഷ് കുമാർ പി ആർ, ജയ സുരേഷ്, ഷമീർ കെ എം, മനോജ് കുമാർ പി എസ് തുടങ്ങിയവർ പോത്തു കുട്ടികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്, സൗജന്യ മരുന്നു വിതരണം, ഇൻഷുറൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി