Feature NewsNewsPopular NewsRecent Newsകേരളം

‘വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്റെ വഴിക്കു പോവും’, ഹിജാബ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം നടത്തിയെന്നും ആരോപിച്ചു. സര്‍ക്കാരിനെ മോശമാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ നടപടികളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്‍മാറണം. സര്‍ക്കാരിന് മുകളില്‍ ആണ് എന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഒരു അവസരം കിട്ടിയപ്പോള്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജനും പിടിഎ പ്രസിഡന്റും മോശമായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മുതിരുകയാണ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്, വെല്ലുവിളിയൊന്നു വേണ്ട, നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകും എന്നും മന്ത്രി അറിയിച്ചു. ഇന്നലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെ കത്തോലിക്ക സഭയും സ്‌കൂള്‍ മാനേജ്‌മെന്റും മന്ത്രിക്കെതിരെ സ്വരം കടുപ്പിച്ചതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്.

സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ ആണ് നിലപാട് വ്യക്തമാക്കുന്നത് എന്ന് പരാമര്‍ശത്തോടെയായായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. ശിരോവസ്ത്രം ധരിച്ച കുട്ടിയെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി ലഭിച്ചു. അതിന്റെ ഭാഗമായി അന്വേഷണം നടത്തി അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് സാധാരണ നടപടിയാണ്. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ടത് വിഷയത്തെ അതിന്റെ യഥാര്‍ഥ തലത്തില്‍ നിന്ന് മാറ്റി ചര്‍ച്ചയാക്കുന്നതാണ്. പ്രശ്‌നം പരിഹാരം കാണുന്നതിന് അപ്പുറത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു ഇത്തരം പ്രതികരണങ്ങളുടെ ലക്ഷ്യം. സ്‌കൂളിന് വേണ്ടി സംസാരിച്ച അഭിഭാഷകയ്ക്ക് കോണ്‍ഗ്രസ് ബന്ധമാണുള്ളത്. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കോ വേണ്ടിയോ രാഷ്ട്രീയ വര്‍ഗീയ വിഭജനം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിന് അനുവദിക്കാന്‍ കഴിയില്ല. നിയമം അതിന്റെ വഴിയ്ക്ക് പോകും എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *