‘നീതി ഇനിയും അകലെയാണ്, ഒപ്പം നിന്നവർക്ക് നന്ദി’; നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ വേർപാടിന് ഇന്ന് ഒരുവർഷം. ഒപ്പം നിന്നവർക്ക് മാത്രം നന്ദി പറയുകയാണെന്നും നീതി ഇനിയും അകലെയാണെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. മനുഷ്യത്വമുള്ള എല്ലാവരും കൂടെ നിന്നിട്ടുണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നിൽക്കുന്നത്. ഒപ്പം നിന്നവരെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചവരെയും ഞങ്ങൾക്കറിയാം. കുടുംബത്തിൽ വരെ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം ഉണ്ടായെന്നും കുടുംബം ആരോപിച്ചു.
പ്രശാന്ത് നവീൻ ബാബുവിനെ വിളിച്ചുവെന്ന് പറയുന്ന കോൾ റെക്കോർഡ് ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. പി പി ദിവ്യയുടെ പേരിലുള്ള നമ്പർ ഇതുവരെ പരിശോധിച്ചിട്ടില്ല. നിർണായകമായ പോയിൻ്റുകൾ അന്വേഷിച്ചിട്ടില്ല. അതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പറഞ്ഞ 13 പോയിന്റുകൾ കൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പുനരന്വേഷണത്തിനായി വീണ്ടും അതെ കോടതിയെ തന്നെ സമീപിച്ചിട്ടുള്ളതെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ പറഞ്ഞു.
അതേസമയം, മുൻ കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീൻ ബാബു ആത്മഹത്യ ചെയ്തസംഭവം രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നായിരുന്നു. കേസിലെ ഏക പ്രതി പി പി ദിവ്യക്കൊപ്പം സിപിഐഎമ്മും സർക്കാരുമാണ് പ്രതിരോധത്തിലായത്. പാർട്ടി നടപടി നേരിട്ട ദിവ്യ സംഘടനാ രംഗത്ത് വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ്. നവീൻ ബാബുവിന്റെ മരണം സർക്കാരിനെയും പാർട്ടിയെയും ഒരു പോലെയാണ് പ്രതിരോധത്തിലാക്കിയത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ മറുപടി പറയാൻ പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും നിർബന്ധിതരായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് സ്ഥാനം രാജിവെച്ചാൽ മതിയാകും എന്ന് ആദ്യഘട്ടത്തിൽ പറഞ്ഞ നേതൃത്വത്തിന് ദിവ്യക്കെതിരെ സംഘടന നടപടി എടുക്കേണ്ടിവന്നു. ദിവ്യയോടുള്ള സമീപനത്തിൽ കണ്ണൂർ, പത്തംനംതിട്ട ഘടങ്ങൾ രണ്ട് തട്ടിലായിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ഉറച്ചുനിന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടാണ് പി പി ദിവ്യക്ക് തിരിച്ചടിയായത്.
നവീൻ ബാബുവിൻ്റെ മരണത്തിന് കാരണമായ യാത്രയയപ്പ് ചടങ്ങിലെ ആത്മവിശ്വാസം പിന്നീട് ഇതുവരെ പി പി ദിവ്യയിൽ കണ്ടിട്ടില്ല. രാഷ്ട്രീയ ഭാവിയിൽ താത്കാലിക ഫുൾസ്റ്റോപ്പ് വീണതും അതേ വേദിയിൽ തന്നെ. എന്നാൽ പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയെന്ന പഴികേട്ട ദിവ്യ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.