കരൂർ ദുരന്തം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് സുപ്രിംകോടതി
തമിഴ്നാട്ടിലെ കരൂരില്‍ നടൻ വിജയ്‌യുടെ പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കും.
വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) യുടെ ഹരജിയിലാണ് സുപ്രിംകോടതിയുടേതാണ് ഉത്തരവ്. അന്വേഷണത്തില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടമുണ്ടാകും. റിട്ട.ജസ്റ്റിസ് അജയ് രസ്തോഗിയ്ക്കാണ് മേല്‍നോട്ട ചുമതല. രസ്തോഗിക്ക് പുറമേ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും മേല്‍നോട്ട സമിതിയിലുണ്ട്.
ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രിം കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ടിവികെ ഹരജി നല്‍കിയിരുന്നത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തത്തില്‍ മരിച്ച കുട്ടിയുടെ പിതാവും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സനുജ് എന്ന 13കാരന്റെ പിതാവാണ് സുപ്രിംകോടതിയെ സമീപിച്ചത്.
സെപ്തംബർ 27ന് രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം അരങ്ങേറിയത്. 27000 പേരായിരുന്നു തിരക്കേറിയ റോഡില്‍ വിജയ്‌യുടെ റാലിക്കെത്തിയത്. റാലിയിലേക്ക് വിജയ് 7 മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞിരുന്നു.
അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു വിജയ് പ്രതികരിച്ചത്. ‘അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാർട്ടി പ്രവർത്തകർക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവർക്കുമെതിരെ കേസെടുത്തുവെന്നും’ വിജയ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.