Event More NewsFeature NewsNewsPoliticsPopular NewsRecent News

കടയിലെത്തി ലൈമും ഷവായും കഴിച്ചു, ചില സാധനങ്ങളും എടുത്ത് മുങ്ങി, വീട് തപ്പി ‘മീശമാധവൻ പുരസ്കാരം 2025’ നല്‍കി ബേക്കറി ഉടമ

തിരുവനന്തപുരം: ബേക്കറിയില്‍ കയറി ഭക്ഷണവും കഴിച്ച്‌ മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച്‌ വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച്‌ വൈറലായിരിക്കുകയാണ് ഒരു ബേക്കറിയുടമ.

കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ അനീഷ് ആണ് സ്വന്തം സ്ഥാപനത്തില്‍ മോഷ്ടിച്ച്‌ മുങ്ങിയ ആളിൻ്റെ അഡ്രസ് ഉള്‍പ്പടെ തപ്പിയെടുത്ത് വീട്ടില്‍ ചെന്ന് “മീശമാധവൻ പുരസ്കാരം 2025 ” നല്‍കി ആദരിച്ചത്. കഴിഞ്ഞ എട്ടിന് രാത്രിയോടെയായിരുന്നു സംഭവം.

അനീഷിൻ്റെ ബേക്കറിയില്‍ എത്തിയ വർക്കല ഞെക്കാട് സ്വദേശി നബീബ് ആണ് ഭക്ഷണം കഴിച്ച ശേഷം മോഷണവും നടത്തി മുങ്ങിയത്. ബേക്കറിയില്‍ നിന്നും പുറത്തേക്ക് വരുന്നയാള്‍ ക്യാഷ് കൗണ്ടറിലേക്ക് വരാതെ പുറത്തേക്കിറങ്ങിയതോടെ കൗണ്ടറില്‍ ഇരുന്ന അനീഷ് ചോദിച്ചെങ്കിലും കടയില്‍ വെറുതേ കയറിയതാണെന്ന മറുപടിയാണ് അയാള്‍ നല്‍കിയത്. പിന്നീട് സ്റ്റാഫിനോട് സംസാരിച്ചപ്പോള്‍ ഷവായ്, ലൈം ജ്യൂസ് എന്നിവ കഴിച്ചെന്നും എന്തെക്കയോ എടുത്താണ് ഇയാള്‍ പുറത്തേക്ക് വന്നതെന്നും മനസിലായി.

എന്നാല്‍ സ്കൂട്ടിയില്‍ എത്തിയ ഇയാള്‍ അനീഷ് പുറത്തെത്തിയപ്പോഴേക്കും കടന്നു കളഞ്ഞിരുന്നു.ഇതോടെയാണ് മോഷ്ടാവിനെ എങ്ങനെ പിടികൂടാം എന്ന് ആലോചിച്ചതെന്ന് അനീഷ് പറയുന്നു.ഷോപ്പിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ആളെ കുറിച്ചുള്ള വിവരം ലഭിച്ചു. പിന്നാലെ തൻ്റെ സമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും വീഡിയോ പ്രചരിപ്പിച്ച്‌ ആളെ കുറിച്ചുള്ള അന്വേഷണം തുടങ്ങി. ഇത് കണ്ട് ഒരാള്‍ വിളിക്കുകയും ദ്യശ്യത്തിലുള്ളയാളിനെ അറിയാം എന്ന് പറഞ്ഞതോടെ വീട് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.

ഇതിനിടെ ഒരു മൊമെൻ്റോ വാങ്ങി ഇയാളുടെ മോഷണദൃശ്യവും പതിപ്പിച്ചാണ് മൂന്നാം ദിവസം ഞെക്കാടുള്ള വീടിനടുത്തെത്തി പൊന്നാടയണിയിച്ച്‌ പുരസ്കാരം സമ്മാനിച്ചത്. മോഷണമടക്കം കുറ്റകൃത്യങ്ങളില്‍ മുമ്ബും ഉള്‍പ്പെട്ടയാളാണെന്ന് നാട്ടുകാരും പറയുന്നു. ഉപദേശിച്ചാലോ, ശകാരിച്ചാലോ കാര്യമില്ലെന്നും തൻ്റെ ഷോപ്പില്‍ കയറി മോഷ്ടിക്കാൻ വരുന്നവർക്ക് ഒരു പാഠമായിരിക്കണമെന്നും കരുതി തന്നെയാണ് ദൃശ്യം ചിത്രീകരിച്ച്‌ പുറത്തുവിട്ടത്. ഭക്ഷണം കഴിക്കാൻ പണമില്ലാത്ത നിരവധി പേരെ സഹായിക്കുന്നുണ്ട്.

കൈയ്യില്‍ പണമില്ലാതെ വിശന്നെത്തുവർക്ക് കഴിച്ച്‌ പണമില്ലെന്ന് പറഞ്ഞാലും ആശ്വസിപ്പിച്ചാണ് അയക്കാറുള്ളത്. എന്നാല്‍ ഭക്ഷണവും കഴിച്ച്‌ ആയിരത്തോളം രൂപയുടെ സാധനവും എടുത്ത് ഇറങ്ങിയ ഇയാളോട് ചോദിച്ചിട്ടും ഒന്നും എടുത്തില്ലെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ കടന്നതിനാലാണ് ഇത്തരത്തില്‍ ഒരു ആദരവൊരുക്കിയതെന്നും ഉടമ പറയുന്നു. സ്വന്തം വാഹനത്തില്‍ മാന്യമായ വസ്ത്രവും ധരിച്ചെത്തിയതിനാല്‍ സംശയിച്ചില്ല.പല തവണയായി കടയില്‍ മോഷണം നടന്നിട്ടുണ്ട്. തനിക്കും സാമ്ബത്തിക ബുദ്ധിമുട്ടുണ്ട്.വേറെ ഗതിയില്ലാതെയാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും അനീഷ് പറഞ്ഞു.സംഭവത്തില്‍ കടയ്ക്കാവൂർ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *