പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ഷുന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം.
അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സ്‌കൂളുകളില്‍ അവര്‍ത്തിച്ചുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ വര്‍ഷം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ 13 വയസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിക്കുകയും ചെയ്തിരുന്നതിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ധനമന്ത്രി കെഎന്‍ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി.
ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അടുത്ത ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് വകുപ്പ് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക വിശകലനം നടത്തിയതായി ഇന്‍ഷുറന്‍സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബുഷ്റ എസ് ദീപ പറഞ്ഞു. അപകടമരണത്തിനും, അപകടത്തെത്തുടര്‍ന്നുള്ള ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകള്‍ക്കുമുള്ള ഓപ്ഷനുകളും പ്രീമിയങ്ങളും ഉള്‍പ്പെടെ ഇത് എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഡാറ്റാഷീറ്റ് ഉള്‍പ്പടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് കൈമാറിയതായും അവര്‍ പറഞ്ഞു.