Feature NewsNewsPopular NewsRecent Newsകേരളം

പെർമിറ്റ് ഇല്ലാത്ത സേവനം വേണ്ട; അന്തർസംസ്ഥാന ബസുകൾക്ക് മോട്ടോർവാഹനവകുപ്പിന്റെ പൂട്ട്

തമിഴ്‌നാട്ടിൽ നിന്നും പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പെർമിറ്റില്ലാതെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് നടത്താനൊരുങ്ങിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. സംസ്ഥാനത്തെ ലക്ഷ്വറി ബസ് ഉടമകളുടെ പരാതിയിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.

കൊച്ചിയിൽ നിന്നും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഭൂരിഭാഗം അന്തർ സംസ്ഥാന ബസ്സുകളും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്തവയാണ്. ഇത്തരം ബസുകൾക്ക് കേരളത്തിൽ പ്രത്യേക നികുതി അടയ്ക്കേണ്ടതില്ല. അല്ലാത്ത കോൺട്രാക്റ്റ് കാര്യേജ് ബസ്സുകൾ സംസ്ഥാനത്തേക്ക് കടക്കണമെങ്കിൽ നികുതി നൽകണം. എന്നാൽ ഒരുതവണ മാത്രം സർവീസ് നടത്താനുള്ള നികുതി അടച്ച്, ദിനംപ്രതി സർവീസ് നടത്തുന്ന ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. ഇത്തരത്തിൽ ചെന്നൈയിലേക്ക് സർവീസ് നടത്താൻ ഒരുങ്ങിയ ബസ് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ബസിലെ യാത്രക്കാർക്ക് മറ്റു ബസുകളിൽ സൗജന്യമായി യാത്ര സൗകര്യം ഒരുക്കി നൽകി. സംസ്ഥാനത്തെ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ്റെ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ഉത്സവകാലങ്ങളിൽ അന്തർ സംസ്ഥാന ബസ്സുകൾ കഴുത്തറപ്പൻ ചാർജ് ഈടാക്കുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.

തുടർന്ന് സാധാരണ ദിവസങ്ങളിലും, ഉത്സവ സീസണിലും ഈടാക്കാവുന്ന നിരക്കിന് പരിധി നിശ്ചയിച്ച് അസോസിയേഷൻ ധാരണയിൽ എത്തി. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള പല ബസ്സുകളും ഈ ധാരണ അംഗീകരിക്കാൻ തയ്യാറായില്ല. സാധാരണ ദിവസങ്ങളിൽ 400 രൂപ ഈടാക്കുന്ന ഇവർ ഉത്സവ സീസണിൽ 7,000 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് സംസ്ഥാനത്തെ ബസ്സുടമകൾ ചൂണ്ടിക്കാട്ടി.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്തിട്ടും കേരളത്തിൽ നിന്നുള്ള ബസ്സുകൾക്ക് തമിഴ്‌നാട്ടിൽ നികുതി ഈടാക്കുന്നുണ്ടെന്നും ബസ് ഉടമകൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *