‘മൊബൈൽ നോക്കിയല്ല, പഠിച്ച് വാദിക്കു’; എഐ ടൂളും ഗൂഗിളും വിലക്കി ഹൈക്കോടതി!
ചണ്ഡീഗഢ്: വാദത്തിനിടെ കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ അഭിഭാഷകർ എഐ ടൂളുകളും ഗൂഗിളുമൊക്കെ ആശ്രയിക്കുന്നത് വിലക്കി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. ഐപാഡും ലാപ്ടോപ്പും പോലെ മൊബൈൽ ഫോണുകളെ വാദത്തിനിടെ ആശ്രയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു ജസ്റ്റിസ് സഞ്ജയ് വസിഷ്ഠ് വ്യക്തമാക്കി. ഒരു അഭിഭാഷകന്റെ ഫോൺ കോടതി കുറച്ചു നേരം പിടിച്ചു വയ്ക്കുകയും ചെയ്തു.
ഒരു കേസിൽ വാദം നടക്കുന്നതിനിടെ ജഡ്ജി ചോദ്യമുന്നയിച്ചപ്പോൾ മറുപടി നൽകാനായി അഭിഭാഷകൻ ഫോണെടുത്തതിനെ കോടതി എതിർത്തു. ഇത് ശരിയായ രീതിയല്ലെന്നും മൊബൈലിൽ നിന്നു വിവരം ലഭിക്കും വരെ നടപടികൾ നിർത്തി വയ്ക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. മൊബൈലിൽ നോക്കി പറയാതെ കേസ് വ്യക്തമായി പഠിച്ച് അവതരിപ്പിക്കണമെന്ന നിർദ്ദേശവും കോടതി അഭിഭാഷകർക്ക് നൽകി.
ഇക്കാര്യത്തിൽ ഇപ്പോൾ കടുത്ത ഉത്തരവിറക്കുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. വാദത്തിനിടെ മൊബൈൽ ഉപയോഗിക്കരുതെന്നു അഭിഭാഷകരോട് ബാർ അസോസിയേഷനുകൾ അഭ്യർഥിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.