പ്രളയത്തില്‍ തകര്‍ന്ന പാലം നന്നാക്കാന്‍ നടപടിയില്ല
കേണിച്ചിറ: പ്രളയത്തില്‍ തകര്‍ന്ന പാലം നന്നാക്കാന്‍ 7 വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല. സ്‌കൂള്‍ ബസ് അടക്കം ഒട്ടേറെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന പൂതാടി പഞ്ചായത്തിലെ കുണ്ടിച്ചിറ പാലത്തിനാണ് ഈ ദുര്‍ഗതി. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവില്‍ ഈ പാലമുള്ളത്. പാപ്ലശ്ശേരി, വെള്ളിമല റോഡില്‍ നരസി പുഴയുടെ കൈവഴിയായ കുണ്ടിച്ചിറ പുഴയ്ക്ക് കുറുകെയാണ് കെട്ടും തൂണുകളും തകര്‍ന്ന് ഏതുസമയവും നിലംപൊത്താവുന്ന പാലമുള്ളത്.2018 ലെ ആദ്യ പ്രളയത്തില്‍ പാലം ഇടിഞ്ഞുതാണ് ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചിരുന്നു. അന്ന് പുറം ലോകത്തേക്ക് എത്തിച്ചേരാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായതോടെ നാട്ടുകാര്‍ ഇടിഞ്ഞ ഭാഗത്ത് മണ്ണിട്ട് നികത്തി ചെറിയ വാഹനങ്ങള്‍ കടന്നു പോകാന്‍ പാകത്തിലാക്കിയിരുന്നു.എന്നാല്‍ അന്നിട്ട മണ്ണ് ഇടിഞ്ഞുതാണ് പാലത്തിന് മുകളില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് വെള്ളക്കെട്ടായതോടെ ഇന്ന് കാല്‍നടയാത്ര പോലും പറ്റാത്ത അവസ്ഥയിലായി. 2018 ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പഞ്ചായത്തിലെ 4 പാലങ്ങള്‍ തകര്‍ന്നിരുന്നു. അവയില്‍ 3 പാലങ്ങളും പുനര്‍നിര്‍മിച്ചെങ്കിലും കുണ്ടിച്ചിറ പാലത്തിന്റെ കാര്യത്തില്‍ മാത്രം നടപടിയുണ്ടായില്ല. അന്ന് സ്ഥലത്തെത്തിയ അധികൃതര്‍ ഉടന്‍ പുതിയ പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞും ഈ പാലം മാത്രം നന്നാക്കാന്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു