കൽപറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിന് അനുമതിയായി
കൽപറ്റ:ആസ്പിരേഷൻ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കൽപറ്റ ജനറൽ ആശുപത്രിയിൽ പണി പൂർത്തീകരിച്ച ബ്ലഡ് ബാങ്കിന് അന്തിമ അനുമതിയായി. വൈത്തിരി താലൂക്കിലെ പൊതുജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. കൽപറ്റ പ്രദേശത്തുള്ളവർക്ക് രക്തം ആവശ്യമായി വന്നാൽ നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്.
പലപ്പോഴും രക്തം നൽകാൻ സന്നദ്ധരായ ആളുകൾ ബത്തേരി വരെ യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും, ആയതിനെടുക്കുന്ന സമയ ദൈർഘ്യവും കണക്കിലെടുത്ത് രക്തം നൽകാൻ വിമുഖത കാണിച്ചിരുന്ന സാഹചര്യത്തിന് ഇതോടുകൂടി വിരാമമാവുകയാണ്.
കൽപറ്റയിലെ പൊതുജനങ്ങളുടേയും, രക്ത ദാതാക്കളായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും, സന്നദ്ധ സംഘടനകളുടേയും വർഷങ്ങൾ നീണ്ട ആവിശ്യം കൂടിയാണ് ഇവിടെ സാക്ഷാത്ക്കരിക്കുന്നത്.
കൽപറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് യാഥാർഥ്യമാകുന്നതോടെ ചികിൽസക്ക് രക്തം ആവശ്യമായി വരുന്നവർക്ക് വലിയ ആശ്വാസമാകുമെന്ന് നഗരസഭാ
ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി
ചെയർമാൻ
അഡ്വ. എ.പി. മുസ്തഫ അറിയിച്ചു.