പെരിയാർ കടുവാ സങ്കേതത്തിന് 75 വയസ്; വനപരിപാലന മാതൃകയായി ചരിത്രം
ഇടുക്കി: കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാർ കടുവാ സങ്കേതത്തിന് 75 വയസ് തികയുന്നു. വനസംരക്ഷണത്തിലും പൊതുജന പങ്കാളിത്തത്തിലും രാജ്യത്തിന് തന്നെ മാതൃകയായ ഈ സ്ഥാപനത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. എരുമേലിയിലെ ഏയ്ഞ്ചൽ വാലിയിൽ നിന്ന് തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂർ-മേഘമല കടുവ സങ്കേതത്തിലേക്ക് നടത്തിയ ജീപ്പ് റാലിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.പെരിയാർ തടാക തീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി 1899-ൽ ‘പെരിയാർ ലേക് റിസർവ്വ്’ രൂപീകരിച്ചുകൊണ്ടാണ് ഈ സംരക്ഷിത വനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട്, 1934-ൽ ഇത് കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ ‘നെല്ലിക്കാംപട്ടി’ ആയി മാറി. 1950-ലാണ് ‘പെരിയാർ വന്യജീവി സങ്കേതം’ എന്ന പേര് സ്വീകരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 925 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ സങ്കേതം ജൈവവൈവിധ്യത്തിൻ്റെ കലവറയാണ്. 76 സസ്തനികൾ, 338 ഇനം പക്ഷികൾ, 68 ഇനം ഉരഗങ്ങൾ, 64 ഇനം ഉഭയജീവികൾ, 38 ഇനം മത്സ്യങ്ങൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 207 തരം ചിത്രശലഭങ്ങളും 1980 ഇനം സസ്യങ്ങളും ഇവിടെയുണ്ട്.1998-ൽ ലോകബാങ്കിൻ്റെ സഹായത്തോടെ നടപ്പാക്കിയ ‘ഇക്കോ ഡെവലപ്പ്മെന്റ് പദ്ധതി’യാണ് പെരിയാറിനെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയത്. വനത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്നവരെ വനസംരക്ഷകരാക്കി മാറ്റിയ ഈ പദ്ധതി പിന്നീട് രാജ്യമെമ്പാടും നടപ്പാക്കി. പെരിയാറിൽ ആരംഭിച്ച ‘ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ’ ഇന്ന് ഇന്ത്യയിലെ 54 കടുവ സങ്കേതങ്ങളിലും പ്രവർത്തിക്കുന്നുണ്ട്