സ്വർണപ്പാളി വിവാദം:അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; വിരമിച്ച ജഡ്ജി അന്വേഷിക്കും
കൊച്ചി:ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ശബരിമല വിജിലൻസ് കമ്മിഷണർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഒക്ടോബർ 15 വീണ്ടും പരിഗണിക്കും.
2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചിരുന്നു. സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.