സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത ഇടങ്ങൾ അനിവാര്യം: മന്ത്രി ഒ. ആർ കേളു
മാനന്തവാടി: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഇടങ്ങൾ അനിവാര്യമാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു, ചെറ്റപ്പാലം വരടിമൂലയിൽ നിർമാണം പൂർത്തീകരിച്ച ഷീ ലോഡ്‌ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തനിച്ചുയാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ത്രീകൾക്കുമായി ഒരുക്കിയ ഈ സുരക്ഷിത ഇടം ഏറെ പ്രയോജനകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 98 ലക്ഷം രൂപ ചെലവഴിച്ചാണ് സ്നേഹതീരം ഷീ ലോഡ്‌ജ് നിർമിച്ചത്. വിശാലമായ ഡൈനിങ് അരിയ, അടുക്കള, ഓഫീസ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള എട്ട് മുറികൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം പൂർത്തീകരിച്ചത്. ചുറ്റുമതലും ഇൻ്റർലോക്ക് പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. 18 വനിതകൾക്ക് താമസിക്കാൻ സാധിക്കുന്ന തരത്തിലാണ് ഷീലോഡ്‌ജ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ വനിതൾക്കാണ് നടത്തിപ്പ് ചുമതല.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ വൈസ്പ്രസിഡന്റ് എ. കെ ജയഭാരതി, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.വി വിജോൾ, കെ കല്യാണി, സൽമ മോയിൻ, പി കല്യാണി, നഗരസഭകൗൺസിലർമാരായ പി.വൈ തങ്കമണി, വി. ആർ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. എൻ നിഷാന്ത്, പടയൻ മുഹമ്മദ്, രജനീഷ്, ശോഭ രാജൻ, കൂവണ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ എം. കെ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ വികസന ഓഫീസർ കെ.കെ നസീമ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.