കല്‍പ്പറ്റ ജിഎല്‍പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കാതെ നഗരസഭ
കല്‍പ്പറ്റ: സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്ന കല്‍പ്പറ്റ ജിഎല്‍പി സ്‌കൂള്‍ പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന പിടിഎയുടെ ആവശ്യത്തോട് നഗരസഭ മുഖം തിരിക്കുകയാണെന്ന് സിപിഎം നേതാക്കളായ വി. ഹാരിസ്, സി.കെ. ശിവരാമന്‍, പി.കെ. അബു, പി.കെ. ബാബുരാജ്, കെ.ടി. മെഹബൂബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുഡിഎഫ് നിയന്ത്രണത്തിലുള്ള നഗരസഭ നിലപാട് തിരുത്തുന്നില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.നഗരത്തില്‍ പിണങ്ങോട് ജംഗ്ഷനടുത്ത് 23 സെന്റ് ഭൂമിയിലാണ് ഗവ.എല്‍പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നാലുവരെ ക്ലാസുകളിലായി 160 കുട്ടികള്‍ വിദ്യാലയത്തിലുണ്ട്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരിഞ്ച് സ്ഥലംപോലും ലഭ്യമല്ല.ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം സൗകര്യം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജിഎല്‍പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് പിടിഎയും സിപിഎം പ്രാദേശികഘടകവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് വെവ്വേറെ കത്ത് നല്‍കിയിരുന്നു. ഈ കത്തുകള്‍ നഗരസഭയുടെ പരിഗണനയ്ക്കും അനുമതിക്കുമായി കൈമാറിയതായി കഴിഞ്ഞ ജൂലൈയില്‍ ഡിഡിഇ സ്‌കൂള്‍ പ്രധാനാധ്യാപകനെ അറിയിച്ചതാണ്. എന്നാല്‍ നഗരസഭയുടേതായ പ്രതികരണം പിടിഎയ്ക്കു ലഭിച്ചില്ല. ഡിഡിഇയുടെ കത്ത് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെപോലും ഇതുവരെ വന്നില്ല. ടൗണ്‍ഷിപ്പില്‍ 450ലേറെ ഭവനങ്ങളാണ് ഒരുങ്ങുന്നത്. ഈ വീടുകളിലുള്ള കുട്ടികള്‍ക്ക് ടൗണ്‍ഷിപ്പിലേക്ക് മാറ്റിസ്ഥാപിക്കുന്ന ജിഎല്‍പി സ്‌കൂളില്‍ പ്രവേശനം ലഭ്യമാക്കാന്‍ കഴിയുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.