Feature NewsNewsPopular NewsRecent Newsകേരളം

ഏകീകൃതസിവിൽകോഡിലേക്ക് മാറാൻ സമയമായില്ലേയെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യം ഏകീകൃത സിവിൽ കോഡിലേക്ക്(യുസിസി) മാറാൻ സമയമായില്ലേ എന്ന് ഡൽഹി ഹൈക്കോടതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണങ്ങൾ. ഇസ്‌ലാമിക വ്യക്തി നിയമവും രാജ്യത്തെ ശിക്ഷാനിയമങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചോദ്യം. യുസിസിയോടെ തർക്കങ്ങൾ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഇസ്‌ലാമിക വ്യക്തിനിയമം പെൺകുട്ടികൾക്ക് 15 വയസിൽ ഋതുമതിയാകുമ്പോൾ വിവാഹത്തിന് അനുമതി നൽകുമ്പോൾ ഇന്ത്യൻ നിയമപ്രകാരം, അത്തരമൊരു വിവാഹം ഭർത്താവിനെ ബിഎൻഎസ്, പോക്സോ നിയമപ്രകാരമോ അല്ലെങ്കിൽ രണ്ടും പ്രകാരമോ കുറ്റവാളിയാക്കുന്നുവെന്ന് ജസ്റ്റിസ് അരുൺ മോംഗ പറഞ്ഞു.

ഇത് കടുത്ത ഒരു പ്രതിസന്ധി ഉയർത്തുന്നതാണ്. ഏകീകൃത സിവിൽ കോഡിലേക്ക് നീങ്ങേണ്ട സമയമല്ലേ ഇത്, വ്യക്തിഗത നിയമമോ ആചാര നിയമമോ ദേശീയ നിയമനിർമ്മാണത്തെ മറികടക്കാത്ത ഒരു ഏക ചട്ടക്കൂട് ഉറപ്പാക്കണ്ടേ-കോടതി ചോദിച്ചു.

‘ഇന്ത്യൻ ഭരണഘടനയിൽ ഓരോ പൗരനും മൗലികാവകാശമായി ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഏകീകൃത സിവിൽകോഡ് ഇല്ലാതാക്കുമെന്ന് യുസിസിയുടെ എതിരാളികൾ ചൂണ്ടിക്കാണിക്കുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും, വ്യക്തികളെ ക്രിമിനൽ ബാധ്യതയിലേക്ക് നയിക്കുന്ന ആചാരങ്ങളിലേക്ക് അത്തരം സ്വാതന്ത്ര്യം വ്യാപിപ്പിക്കാൻ കഴിയില്ലെന്നും’- കോടതി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് 24കാരനാണ് ഹരജി സമർപ്പിച്ചത്. 20 വയസ്സ് പ്രായമുണ്ടെന്ന് പെൺകുട്ടി അവകാശപ്പെട്ടപ്പോൾ 15നും 16നും ഇടയിൽ മാത്രമെ പ്രായമുള്ളൂവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *