Feature NewsNewsPopular NewsRecent Newsകേരളം

പൾസ്പോളിയോ:ജില്ലയിൽ 58,054 കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കും

കല്‍പ്പറ്റ:ജില്ലയിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 58,054 കുട്ടികള്‍ക്ക് ഒക്ടോബര്‍ 12ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി. മോഹന്‍ദാസ് അറിയിച്ചു. തുള്ളിമരുന്ന് വിതരണം ചെയ്യാന്‍ ജില്ലയില്‍ 956 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാള്‍, ബാസാര്‍ തുടങ്ങി ആളുകള്‍ കൂടുതലായി വരുന്ന 22 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ക്രമീകരിക്കും. വാക്സിനേഷനായി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ 16 മൊബൈല്‍ ടീമുകള്‍ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ 12ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെ വാക്സിനേഷന്‍ ബൂത്തുകളിലൂടെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. പോളിയോ ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഒക്ടോബര്‍ 13 മുതല്‍ 15 വരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പോളിയോ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ടാസ്‌ക് ഫോഴ്സ് ജില്ലാതല യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *