Feature NewsNewsPopular NewsRecent Newsവയനാട്

പൂതാടി പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ആദ്യഘഡു വിതരണം ഇന്ന്

പുൽപ്പപള്ളി: പൂതാടി പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ആദ്യഘഡു വിതരണം ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത്* പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 290 കുടുംബങ്ങൾക്കാണ് ആദ്യഘഡുവായ 40000 രൂപ വീതം വിതരണം ചെയ്യുന്നത്. പൂതാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ പാർപ്പിട പദ്ധതി ലക്ഷ്യം പൂർത്തീകരണത്തിലേക്കെത്തുകയാണെന്ന് ഭരണസമിതിയംഗങ്ങൾ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ വീടിനായി അപേക്ഷ സമർപ്പിച്ചവരിൽ അർഹരായ എല്ലാ കുടുംബങ്ങൾക്കും വീട് അനുവദിച്ചു.

എല്ലാവർക്കും ഹഡ്‌കോ വായ്‌പ ലഭിക്കുമോയെന്ന കാര്യത്തിൽ ലൈഫ് മിഷൻ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന് പുറമേ തനതു ഫണ്ടും വിനിയോഗിച്ചാണ് ഈ ലക്ഷ്യം പൂർത്തീകരിക്കാൻ തയ്യാറെടുക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണവും ലഭിക്കും. പെർമിറ്റിനായി അപേക്ഷിച്ച എല്ലാവർക്കും അത് അനുവദിച്ചിട്ടുണ്ട്. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഭൂരഹിതർക്ക് സ്ഥലംവാങ്ങിനൽകി അവരുടെ ഭവന നിർമാണവും ആരംഭിച്ചിട്ടുണ്ട്. അതിദരിദ്രരുടെ ഭവന നിർമാണം ഒക്ടോബർ 20ന് പൂർത്തിയാക്കാനും, 2020 ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ വീടുകളുടെ നിർമാണം 2026 മാർച്ചിൽ പൂർത്തിയാക്കാനുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരൻ, കെ.ജെ. സണ്ണി, മേഴ്‌സി സാബു, ടി.കെ. സുധീരൻ, എം.വി. രാജൻ, ഒ.കെ. ലാലു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *